കോട്ടയം: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ സംഘടിപ്പിച്ച ഇന്‍റര്‍നാഷണല്‍ വെര്‍ച്വല്‍ ഇലക്ഷന്‍ വിസിറ്റേഴ്സ് പ്രോഗ്രാമില്‍ കേരളത്തെ പ്രതിനിധീകരിച്ചത് കോട്ടയം ജില്ലാ കലക്ടര്‍ എം. അഞ്ജന. കനത്ത മഴയുടെയും സി.എം.എസ് കോളേജ് ഹൈസ്കൂളിലെ പോളിങ് ബൂത്ത് പരിസരത്തെ കലാരൂപങ്ങളുടെയും പശ്ചാത്തലത്തിലാണ് കലക്ടർ പരിപാടിയിൽ പങ്കെടുത്തത്. 26 രാജ്യങ്ങളിലെ തെരഞ്ഞെടുപ്പ് ഏജന്‍സികളില്‍ നിന്നുള്ള 106 പ്രതിനിധികള്‍ പരിപാടി തത്സമയം വീക്ഷിച്ചു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കൊവിഡ് ബോധവത്കരണം ഫലപ്രദമാണെന്ന് ഉറപ്പാക്കുന്നത് എങ്ങനെ എന്ന ചോദ്യത്തിന് സമ്പൂര്‍ണ്ണ സാക്ഷരതയുടെ നാടാണ് കോട്ടയം, അതുകൊണ്ടുതന്നെ കൊവിഡ് ബോധവത്കരണം താരതമ്യേന അനായാസമായിരുന്നു എന്നായിരുന്നു കലക്‌ടറുടെ മറുപടി. നൂറു ശതമാനം പോളിങ് കൈവരിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിയത് എന്നും കലക്ടർ മറുപടി നല്‍കി. കൊവിഡ് പ്രതിരോധ ക്രമീകരണങ്ങള്‍, പോളിങ് ബൂത്തുകളിലെ സൗകര്യങ്ങള്‍, മാലിന്യ സംസ്കരണം തുടങ്ങിയവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും കലക്ടര്‍ മറുപടി നല്‍കി. രാജ്യാന്തര സമൂഹത്തിനു മുന്‍പില്‍ കൊവിഡ് പ്രതിസന്ധിക്കിടെ തെരഞ്ഞെടുപ്പ് നടത്തുന്നത് എങ്ങനെ എന്ന് വിവരിച്ച കലക്ടര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ അഭിനന്ദനവുമെത്തി.