കോട്ടയം:പക്ഷിപ്പനി സ്ഥിരീകരിച്ച വെച്ചൂര്‍, നീണ്ടൂര്‍, ആര്‍പ്പൂക്കര പഞ്ചായത്തുകളിലായി 6017 പക്ഷികളെ ദയാവധം നടത്തി. വെച്ചൂര്‍ ഗ്രാമപഞ്ചായത്തില്‍ 133 താറാവുകളെയും 156 കോഴികളെയും, നീണ്ടൂര്‍ പഞ്ചായത്തില്‍ 2753 താറാവുകളെയും ആര്‍പ്പൂക്കരയില്‍ 2975 താറാവുകളെയുമാണ് ദയാവധം ചെയ്‌തത്.
ആര്‍പ്പൂക്കര ഗ്രാമപഞ്ചായത്തില്‍ ഡോ.ബിന്ദുരാജ്, ഡോ.അജയകുമാര്‍, വെച്ചൂര്‍ പഞ്ചായത്തില്‍ ഡോ.നിമ്മി ജോര്‍ജ്, ഡോ.ഫിറോസ്, ഡോ.ശരത് കൃഷ്‌ണന്‍, നീണ്ടൂര്‍ പഞ്ചായത്തില്‍ ഡോ.പ്രസീന ദേവ്, ഡോ.അനില്‍, ഡോ.അരുണ്‍ എന്നിവരാണ് ദ്രുതകര്‍മ്മസേനാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ജില്ല മൃഗസംരക്ഷണ ഓഫിസര്‍ ഡോ. ഷാജി പണിക്കശ്ശേരി, ചീഫ് വെറ്ററിനറി ഓഫിസര്‍ ഡോ മനോജ്‌കുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ജയദേവന്‍, ജില്ലാ എപിഡിമിയോളജിസ്റ്റ് ഡോ.രാഹുല്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.
ആര്‍പ്പൂക്കരയില്‍ പക്ഷികളെ ദയാവധം ചെയ്യുന്നതിന് തയാറെടുത്ത ദ്രുതകര്‍മസേന സംഘം പാടശേഖരങ്ങളിൽ പാർപ്പിച്ച താറാവുകളും കോഴികളും കൂട്ടത്തോടെ ചത്തതിനെത്തുടർന്ന് ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡീസിസസ് ലാബിൽ നടത്തിയ പരിശോധനയിലാണ് വെച്ചൂര്‍, നീണ്ടൂര്‍, ആര്‍പ്പൂക്കര പഞ്ചായത്തുകളില്‍ എച്ച്5 എൻ1 സ്ഥിരീകരിച്ചത്. രോഗം കണ്ടെത്തിയ പ്രദേശത്തിന്‍റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെ ദയാവധം ചെയ്‌ത് സംസ്‌കരിക്കുമെന്ന് നേരത്തെ തന്നെ ജില്ല കലക്‌ടര്‍ അറിയിച്ചിരുന്നു.
വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയിലെ 15 തദ്ദേശസ്വയംഭരണസ്ഥാപന പരിധിയില്‍ വരുന്ന ഇടങ്ങളില്‍ മുട്ട, ഇറച്ചി വിൽപന ഡിസംബര്‍ 23 മുതല്‍ മൂന്ന് ദിവസത്തേക്ക് നിരോധിച്ചിരുന്നു. വൈക്കം, കോട്ടയം, ഏറ്റുമാനൂർ നഗരസഭകൾ, വെച്ചൂർ, കുറുപ്പുന്തറ, തലയാഴം, തലയോലപ്പറമ്പ്, കല്ലറ, നീണ്ടൂർ, ടിവി പുരം, ഉദയനാപുരം, കുമരകം, ആർപ്പൂക്കര, അയ്‌മനം, അതിരമ്പുഴ എന്നീ ഗ്രാമപഞ്ചായത്തുകളിലുമാണ് കോഴി, താറാവ്, കാട, മറ്റുവളർത്തുപക്ഷികൾ എന്നിവയുടെ മുട്ട, ഇറച്ചി, കാഷ്‌ടം(വളം) എന്നിവയുടെ വിൽപനയും കടത്തലും നിരോധിച്ച് ഉത്തരവ് ഇറക്കിയത്.
രോഗബാധയേറ്റ് മൂന്നുമുതൽ അഞ്ചുദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണിക്കുകയും കൂട്ടത്തോടെയുള്ള മരണം ഉണ്ടാവുകയും ചെയ്യുന്നതാണ്. സാധാരണ ഈ വൈറസുകൾ മനുഷ്യരിലേക്ക് പകരാറില്ലെങ്കിലും ശ്രദ്ധിക്കണം. മൃഗസംരക്ഷണവകുപ്പ്, തദ്ദേശസ്ഥാപനങ്ങൾ, റവന്യൂ, പൊലീസ്, വനംവകുപ്പ്, ആരോഗ്യവകുപ്പ്, ഫയർ ആൻഡ് റെസ്‌ക്യൂ എന്നീ വകുപ്പുകളുടെ ഏകോപിപ്പിച്ചുള്ള പ്രവർത്തനത്തിനും ജില്ല കലക്‌ടർ നിർദേശം നൽകിയിരുന്നു.
നേരത്തെ ആര്‍പ്പൂക്കരയിലും വൈക്കം തലയാഴത്തും വൈറസ്ബാധ സ്ഥിരീകരിച്ചിരുന്നു. ആർപ്പൂക്കരയിലെ താറാവ് ഫാമിലും തലയാഴത്തെ ബ്രോയ്‌ലർ കോഴി ഫാമിലും പക്ഷികൾ ചത്തൊടുങ്ങിയതിനെത്തുടർന്ന് സാമ്പിളുകൾ പരിശോധനയ്ക്കയച്ചതിനെ തുടര്‍ന്നാണ് രോഗബാധ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് എണ്ണായിരത്തോളം പക്ഷികളെ ദയാവധം ചെയ്‌ത് സംസ്‌കരിച്ചിരുന്നു.
രോഗം കണ്ടെത്തിയ പ്രദേശത്തിന്‍റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പക്ഷികളെയാണ് അന്നും മൃഗസംരക്ഷണ വകുപ്പിന്‍റെ മേല്‍നോട്ടത്തില്‍ ദയാവധം ചെയ്‌ത് സംസ്‌കരിച്ചത്.