കോട്ടയം: കൊവിഡ് 19 ബാധിച്ച് കോട്ടയം മെഡിക്കൽ കോളജിൽ ചികത്സയിലായിരുന്ന അവസാനത്തെയാളും രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങി. ഇതോടെ കൊവിഡ് വിമുക്ത ജില്ലയായി കോട്ടയം മാറി. കൊവിഡ് 19 ബാധിതരെ പരിചരിക്കുന്നതിനിടെ രോഗം പകർന്ന കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ നേഴ്സ് രേഷ്മ മോഹനാണ് ജില്ലയിൽ അവസാനമായി കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ പരിശോധനാഫലവും നെഗറ്റീവ് ആയതോടെ ജില്ലയിൽ ഇനി കൊവിഡ് രോഗികൾ ഇല്ല. മാർച്ച് 23 നാണ് രേഷ്മക്ക് രോഗം സ്ഥിരീകരിച്ചത്.
ഇറ്റലിയിൽ നിന്നെത്തിയ രോഗ ബാധിതരുമായി അടുത്തിടപഴകിയ ചെങ്ങളം സ്വദേശികളായ റോബിനും ഭാര്യ റീനക്കും കൊവിഡ് ബാധിച്ചിരുന്നു. രോഗം ഭേദമായി ഇവർ നേരത്തേ തന്നെ ആശുപത്രി വിട്ടിരുന്നു. ജില്ലയിൽ ആദ്യമായി കൊവിഡ് 19 ബാധിച്ചതും ഇവർക്കായിരുന്നു.