കോട്ടയം: കോടിമതയിലെ തെരുവുനായ നിയന്ത്രണ പദ്ധതി പ്രഹസനമെന്ന് ആരോപണം. ജില്ല പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ കോട്ടയം കോടിമതയിൽ ഒരുങ്ങുന്ന തെരുവ് നായ പ്രജനന നിയന്ത്രണ കേന്ദ്രത്തെക്കുറിച്ചാണ് നഗരസഭ പ്രതിപക്ഷ അംഗം വിനു മോഹൻ ആരോപണം നടത്തിയത്.
നഗരസഭ പ്രതിപക്ഷ അംഗം വിനു മോഹൻ മാധ്യമങ്ങളോട് സംസാരിക്കുന്നു ആരോപണം ഇങ്ങനെ: കോടിമത അജൈവ മാലിന്യ സംസ്‌കരണ പ്ളാന്‍റിനോട് ചേർന്ന കെട്ടിടത്തിലാണ് എബിസി കേന്ദ്രം തുടങ്ങുന്നത്. എന്നാൽ കെട്ടിടത്തിനു ചുറ്റം നഗരസഭയുടെ മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുകയാണ്. ക്ലീൻ കേരള കമ്പനിക്ക് കൈമാറേണ്ട മാലിന്യങ്ങൾ തർക്കം മൂലം നീക്കം ചെയ്യാനാകാതെ ഇവിടെ കെട്ടിക്കിടക്കുകയാണ്.
കെട്ടിടത്തിനു മുന്നിലുള്ള മാലിന്യം നീക്കാൻ ഇതുവരെയും പദ്ധതികളായിട്ടില്ല. മാലിന്യ നീക്കം നടത്താൻ ടെൻഡറുകൾ ക്ഷണിച്ചതല്ലാതെ കരാർ ഏൽക്കാൻ ആരുമെത്തിയിട്ടുമില്ല. അതിനിടയ്ക്കാണ് ഇവിടെ എബിസി കേന്ദ്രം തുടങ്ങുമെന്നു ജില്ല പഞ്ചായത്ത് പറയുന്നത്.
കുന്നു കൂടിക്കിടക്കുന്ന മാലിന്യങ്ങളിൽ അഴുകുന്ന മാലിന്യങ്ങളുമുണ്ട്. വേസ്റ്റിൽ നിന്നുള്ള ദുർഗന്ധവും രൂക്ഷമാണ്. കേന്ദ്രത്തിന് മുൻപിലുള്ള മാലിന്യം മൂലം പ്രദേശത്ത് തെരുവുനായ്ക്കളുടെ എണ്ണം കൂടിയിട്ടുണ്ട്. നഗരത്തിലെ മാലിന്യപ്രശ്‌നത്തിന് പരിഹാരം കാണത്തതും തെരുവ് നായ്ക്കൾ പെരുകാൻ കാരണമായെന്നും ആരോപണമുണ്ട്.