കോട്ടയം: കോട്ടയം- കുമരകം പാതയിലെ കോണത്താറ്റ് പാലം പൊളിച്ച് തുടങ്ങി. ഇന്ന് രാവിലെ എട്ട് മണി മുതലാണ് പാലം പൊളിച്ച് തുടങ്ങിയത്. പാലത്തിലൂടെയുള്ള ഗതാഗതം നിയന്ത്രിച്ചു.
കുമരകം കോണത്താറ്റ് പാലം പൊളിച്ച് തുടങ്ങി; ഓര്‍മയാകുന്നത് 7 പതിറ്റാണ്ടിലേറെ പഴക്കമുള്ള പാലം ചെറിയ വാഹനങ്ങള്‍ കടത്തിവിടാനായി താത്‌കാലിക പാത ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ഭാരവാഹനങ്ങള്‍ക്ക് ഈ പാതയിലൂടെ യാത്ര അനുമതിയില്ല. രണ്ട് എക്‌സ്‌കവേറ്ററുകളാണ് പാലം പൊളിക്കാന്‍ ഉപയോഗിക്കുന്നത്.
കുമരകത്തെ പ്രവേശന കവാടത്തിലുള്ള കോണത്താറ്റ് പാലം വീതി കുറവായത് കൊണ്ട് വന്‍ ഗതാഗത കുരുക്ക് സൃഷ്‌ടിച്ചിരുന്നു. പതിറ്റാണ്ടുകള്‍ പഴക്കമുള്ള പാലത്തിലെ അപകട സാധ്യതയും ലോക ടൂറിസം ഭൂപടത്തില്‍ ഇടംപിടിച്ച കുമരകത്തേക്കുള്ള പാലം പുതുക്കി പണിയാത്തതിനെ പറ്റി ഉയര്‍ന്ന വിമര്‍ശനങ്ങളും കണക്കിലെടുത്താണ് പാലം പുതുക്കി പണിയാന്‍ തീരുമാനമായത്. മന്ത്രി വി.എന്‍ വാസവന്‍ മുന്‍കൈയെടുത്താണ് പാലം പുതുക്കി പണിയാന്‍ തീരുമാനമെടുത്തത്.
7.94 കോടി രൂപ ചെലവിലാണ് പാലം നിര്‍മാണം. ഇല്ലിക്കൽ ജംഗ്‌ഷൻ മുതൽ കുമരകം വരെ 13.3 കിലോ മീറ്റർ റോഡ് കിഫ്ബി വഴി വികസിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് പാലം നിര്‍മാണം. റോഡ് വികസനത്തിന് 120 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. ഇതിന് മുന്നോടിയായാണ് പുതിയ പാലം നിര്‍മിക്കുന്നത്.
സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ സ്ഥലം സന്ദര്‍ശിച്ചു. ഗതാഗത ക്രമീകരണമടക്കം മന്ത്രി വിലയിരുത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ധന്യ സാബു, പഞ്ചായത്തംഗം ദിവ്യ ദാമോദരൻ, പൊതുമരാമത്ത് ഉദ്യോഗസ്ഥർ തുടങ്ങിയവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.