കോട്ടയം : എംജി സര്‍വകലാശാല കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വിജയം കൈവരിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകരായ യൂണിയന്‍ ഭാരവാഹികള്‍ക്ക് പാലായില്‍ സ്വീകരണം നല്‍കി. എസ്എഫ്‌ഐ കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്വീകരണ പരിപാടി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ പുതുതലമുറ പുരോഗമനപരമായി ചിന്തിക്കുന്നു എന്നതിന്‍റെ തെളിവാണ് കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പുകളില്‍ എസ്എഫ്‌ഐ കൈവരിച്ച വിജയമെന്ന് കോടിയേരി പറഞ്ഞു.
എസ്എഫ്‌ഐ വിജയത്തിന് പിന്നില്‍ പുരോഗമനചിന്തയെന്ന് കോടിയേരി
പുതിയ തലമുറ എങ്ങനെ ചിന്തിക്കുന്നു എന്നതിന്‍റെ തെളിവാണ് കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ നേടിയ വിജയമെന്ന് കോടിയേരി പറഞ്ഞു.
എംജി സര്‍വകലാശാല കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയിലെ 38 കാമ്പസുകളിലാണ് എസ്എഫ്‌ഐ വിജയം നേടിയത്. മുന്‍കാലങ്ങളില്‍ വിജയിക്കാനാകാതിരുന്ന കോളജുകളിലും എസ്എഫ്‌ഐ വിജയക്കൊടി പാറിച്ചു. ഇതേ തുടര്‍ന്നാണ് എസ്എഫ്‌ഐ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ 38 കോളേജുകളിലെയും എസ്എഫ്‌ഐയുടെ യൂണിയന്‍ ഭാരവാഹികളെ അനുമോദിച്ചത്.
ഒരു കോളജില്‍ ഒരു വിദ്യാര്‍ത്ഥി സംഘടന മതിയെന്ന നിലപാട് എസ്എഫ്‌ഐക്കില്ല. എല്ലാവര്‍ക്കും പ്രവര്‍ത്തന സ്വാതന്ത്യം വേണം. രാജ്യം നേരിടുന്ന വെല്ലുവിളികള്‍ സംബന്ധിച്ച് കാമ്പസുകളില്‍ ചര്‍ച്ചകള്‍ക്ക് എസ്എഫ്‌ഐ നേതൃത്വം നല്‍കണമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. പാലായിലെ ഇടതു സ്ഥാനാര്‍ത്ഥി മാണി സി കാപ്പനും ചടങ്ങില്‍ പങ്കെടുത്തു.