കോട്ടയം: കെവിൻ വധക്കേസിലെ സാക്ഷി വിസ്താരത്തിന്‍റെ രണ്ടാം ഘട്ടം ആരംഭിച്ചു. അഭിഭാഷകയായ ജിസിമോളുടെ വിസ്താരം പൂര്‍ത്തിയായി. കെവിന്‍റെ പിതാവ് അടക്കം എട്ട് സാക്ഷികളെയാണ് ഇന്ന് വിസ്തരിക്കുന്നത്.
കെവിൻ വധക്കേസ്: രണ്ടാം ഘട്ട വിസ്താരത്തിന് തുടക്കം - kevin murder
വിസ്തരിക്കുക കെവിന്‍റെ പിതാവ് അടക്കം എട്ട് സാക്ഷികളെ
പതിനൊന്നാം സാക്ഷിയും കെവിന്‍റെ പിതാവുമായ ജോസഫ്, ഗാന്ധിനഗർ സ്റ്റേഷനിലെ എഎസ്‌ഐ ആയിരുന്ന ടി എം ബിജു, സിപിഒ അജയകുമാർ ഉൾപ്പെടെ എട്ട് പേരെ ഇന്ന് വിസ്തരിക്കും. കേസിലെ നിർണായക സാക്ഷികളാണ് ബിജുവും അജയകുമാറും. ഒന്നാം പ്രതി സാനു ചാക്കോ സഞ്ചരിച്ച കാർ പരിശോധിച്ചതും ഇവരുടെ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയതും 2000 രൂപ കൈക്കൂലി വാങ്ങി വിട്ടയച്ചതും ബിജുവാണ്. കെവിനെ വിട്ടുകിട്ടാനായി ബിജു പിന്നീട് ഫോണിൽ പ്രതികളുമായി ആശയ വിനിമയം നടത്തി. ഈ ഫോൺ സംഭാഷണം കോടതി നേരത്തെ പരിശോധിച്ചു. വകുപ്പുതല അന്വേഷണത്തിന് ശേഷം ബിജുവിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. കേസിൽ 186 സാക്ഷികളും 180 രേഖകളുമാണ് പരിഗണിക്കുന്നത്. പ്രത്യേക കേസായതിനാൽ ജൂൺ ആറിനകം വിചാരണ പൂർത്തിയാക്കി കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പ്രസ്താവനയിലേക്ക് കടന്നേക്കും.