കേരളത്തെ നടുക്കിയ ദുരഭിമാനക്കൊലയായ കെവിൻ വധക്കേസില്‍ പ്രാഥമിക വാദത്തിൽ കോട്ടയം സെഷന്‍സ് കോടതി ഇന്ന് വിധി പറയും. കെവിനെ മനപൂർവ്വം പുഴയിലേക്ക് തളളിയിട്ടു കൊന്നുവെന്നാണ് പ്രോസിക്യൂഷൻ വാദം. എന്നാൽ മനപൂർവ്വം തള്ളിയിട്ടതിന് തെളിവില്ലെന്നും കൊലപാതകക്കുറ്റം പിന്‍വലിക്കണമെന്നുംപ്രതിഭാഗം വാദിച്ചു.
നരഹത്യ ഉൾപ്പടെ 10 വകുപ്പുകളാണ് 14 പ്രതികൾക്കെതിരെചുമത്തിയിരിക്കുന്നത്. 179 സാക്ഷിമൊഴികളും 176 പ്രമാണങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.കഴിഞ്ഞ മെയ് 27 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്യജാതിക്കാരിയായ നീനുവെന്ന പെൺകുട്ടിയെ രജിസ്റ്റർ വിവാഹം കഴിച്ച കെവിനെ നീനുവിന്‍റെ പിതാവും സഹോദരനുമുൾപ്പെടെയുള്ളവർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്.
2018 മെയ് 24-നാണ് നീനുവും കെവിനും തമ്മിലുള്ള രജിസ്റ്റർ വിവാഹം നടന്നത്. തുടർന്ന് നീനുവിനെ കാണാനില്ലെന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. രജിസ്റ്റർ വിവാഹത്തിന്‍റെ രേഖകൾ പൊലീസിനെ കാണിച്ചിട്ടും നീനുവിനെയും കെവിനെയും ഉദ്യോഗസ്ഥർ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നു. വീട്ടുകാർക്കൊപ്പം പോവാനായിരുന്നു പൊലീസ് നീനുവിനോട് നിർദേശിച്ചത്. അതിന് സമ്മതിക്കാതിരുന്ന നീനുവിനെ ബലം പ്രയോഗിച്ച് കൊണ്ടുപോവാൻ വീട്ടുകാർ ശ്രമിച്ചിരുന്നു. നാട്ടുകാർ ഇടപെട്ടതിനെ തുടർന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
മെയ് 28-നാണ് കോട്ടയത്തെ ചാലിയേക്കര ആറ്റിൽ നിന്ന് കെവിന്‍റെ മൃതദേഹം കണ്ടെത്തിയത്. തലേദിവസം നീനുവിന്‍റെ സഹോദരൻ ഷാനുവിന്‍റെ നേതൃത്വത്തിൽ കാറിലെത്തിയ നാലംഗസംഘം കെവിനെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. ഇവർ കെവിനെ മർദ്ദിച്ച് അവശനാക്കി ആറ്റിൽ തള്ളുകയായിരുന്നെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്.