കേരളം

kerala

By

Published : Feb 13, 2019, 10:48 AM IST

ETV Bharat / state

കെവിൻ വധം: പ്രാഥമിക വാദം ഇന്ന് ആരംഭിക്കും

ദുരഭിമാനക്കൊലയുടെ പരിധിയിൽ ഉൾപ്പെടുത്തിയതിനാൽ ആറുമാസത്തിനുള്ളിൽ കേസിൽ വിധി പ്രഖ്യാപിക്കും.

കെവിൻ നീനു

കോട്ടയം: കേരളത്തെയാകെ നടുക്കിയ കെവിൻ വധക്കേസിൽ ഇന്ന് പ്രാഥമിക വാദം ആരംഭിക്കും. ദുരഭിമാനക്കൊലയുടെ വിഭാഗത്തിൽപ്പെടുത്തി ജില്ലാ അഡീഷണൽ സെഷൻസ് കോടതിയിലാണ് വിചാരണ. പ്രതികൾക്കെതിരെ കുറ്റം ചുമത്താനുള്ള വാദമാണ് കേസിൽ ഇന്ന് പ്രധാനമായും നടക്കുക.

പതിനാല് പ്രതികളെയാണ് കേസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 176 സാക്ഷികൾ, 170 പ്രമാണങ്ങൾ, 190 രേഖകൾ, പോസ്റ്റ് മോർട്ടം റിപ്പോർട്ട്, മൊബൈൽ ഫോണ്‍, സിസിടിവി ദൃശ്യങ്ങൾ, പ്രതികൾ സഞ്ചരിച്ച വാഹനങ്ങൾ തുടങ്ങിയവയാണ് കേസിലെ പ്രധാന തെളിവുകൾ.

വധശിക്ഷ വരെ ലഭിക്കാവുന്ന നരഹത്യ, തട്ടിയെടുത്തു വിലപേശൽ, ഭവന ഭേദനം, പരുക്കേൽപ്പിക്കൽ, തടഞ്ഞുവയ്ക്കൽ, ഭീഷപ്പെടുത്തൽ, നാശനഷ്ടമുണ്ടാക്കൽ, തെളിവുനശിപ്പിക്കൽ, പൊതു ഉദ്ദേശ്യം എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

കേസിൽ ഒന്നാം പ്രതി കെവിന്‍റെ ഭാര്യ നീനുവിന്‍റെ സഹോദരൻ ഷാനു ചാക്കോയാണ്. രണ്ടാം പ്രതി നിയാസ് മോൻ, 3- ഇഷാൻ ചാക്കോ, 4- റിയാസ്, 5- നീനുവിന്‍റെ പിതാവ് ചാക്കോ, 6- മനു മുരളീധരൻ, 7-ഷെഫിൻ, 8-നിഷാദ്, 9-ടിറ്റു ജെറോം, 10- വിഷ്ണു, 11- ഫസിൽ ഷെരീഫ്, 12- ഷാനു ഷാജഹാൻ, 13-ഷിനു നാസർ, 14- റെമീസ് തുടങ്ങിയവരാണ് കേസിലെ മറ്റ് പ്രതികൾ.

ഇതരമതത്തിൽപെട്ട നീനുവിനെ കെവിൻ ജോസഫ് വിവാഹം കഴിച്ചതോടെയാണ് കൊലപാതകത്തിലേക്ക് വഴിവച്ച സംഭവവികാസങ്ങൾ അരങ്ങേറിയത്. ജാതി വ്യത്യാസംകൊണ്ടുള്ള ദുരഭിമാനമാണ് നീനുവിന്‍റെ ബന്ധുക്കളെ കെവിനെ കൊലപ്പെടുത്തുന്നതിന് പ്രേരിപ്പിച്ചത്. പ്രതികളായ ഷാനു ചാക്കോ, നിയാസ്, റിയാസ്, ചാക്കോ, ഷെഫിൻ ഷജാദ്, വിഷ്ണു തുടങ്ങിയവർ ഇപ്പോഴും റിമാന്‍റിലാണ്. മറ്റ് പ്രതികളെ വിട്ടയച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details