കോട്ടയം: കെവിൻ വധക്കേസിൽ കോട്ടയം പ്രിൻസിപ്പല്‍ സെഷൻസ് കോടതി ഇന്ന് ശിക്ഷ വിധിക്കും. ദുരഭിമാനക്കൊലയെന്ന് കോടതി കണ്ടെത്തിയ കേസിൽ കൊല്ലപ്പെട്ട കെവിന്‍റെ ഭാര്യ നീനുവിന്‍റെ സഹോദരനടക്കം 10 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധിച്ചിരുന്നു. പ്രതികൾക്ക് എതിരെ നീനു നല്‍കിയ മൊഴിയാണ് കെവിന്‍റേത് ദുരഭിമാനക്കൊലയാണെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കാൻ നിർണായകമായത്.
കെവിൻ വധക്കേസില്‍ ശിക്ഷാവിധി ഇന്ന് - kevin case verdict
സംസ്ഥാനത്തെ ആദ്യ ദുരഭിമാനക്കൊലയെന്ന് കോടതി കണ്ടെത്തിയ കേസിൽ നീനുവിന്‍റെ സഹോദരനടക്കം പത്ത് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധിച്ചിരുന്നു.
പ്രതികൾക്ക് എതിരെ കൊലപാതകം, ഗൂഢാലോചന, ഭവനഭേദനം, ആക്രമിച്ച് മാരകമായി പരിക്കേല്‍പ്പിക്കല്‍, തടഞ്ഞുവയ്ക്കല്‍, നാശ നഷ്ടം ഉണ്ടാക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അഭാവം ചൂണ്ടിക്കാട്ടി നീനുവിന്‍റെ അച്ഛൻ ചാക്കോ ഉൾപ്പെടെ നാലു പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. റെക്കോഡ് വേഗത്തിലാണ് കോട്ടയം പ്രിൻസിപ്പല്‍ സെഷൻസ് കോടതി കേസില്‍ വിധി പ്രസ്താവിച്ചത്. ആറ് മാസത്തിനകം കേസിന്‍റെ വിചാരണ പൂർത്തിയാക്കാൻ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും മൂന്ന് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പറയുകയായിരുന്നു.