കോട്ടയം: ജില്ലയിലെ 11 തദ്ദേശ സ്ഥാപന മേഖലകളില്‍ ജൂലൈ 19 മുതല്‍ 25 വരെയുള്ള ഒരാഴ്ച്ചക്കാലത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി 15 ശതമാനത്തിന് മുകളില്‍. 32 സ്ഥലങ്ങളില്‍ 10നും 15നും ഇടയിലാണ് ടിപിആർ. ഇക്കാലയളവില്‍ ജില്ലയുടെ ശരാശരി പോസിറ്റിവിറ്റി 10.83 ശതമാനമാണ്.
കുറിച്ചി(24.52), കടുത്തുരുത്തി(22.12), മറവന്തുരുത്ത്(21.53), പള്ളിക്കത്തോട്(19.69), കുമരകം(19.38), മാഞ്ഞൂര്‍(18.51), കറുകച്ചാല്‍(17.57), ഭരണങ്ങാനം(17.40), നെടുംകുന്നം(15.69),അയ്‌മനം(15.58), ഈരാറ്റുപേട്ട(15.47) എന്നിവിടങ്ങളിലാണ് പോസിറ്റിവിറ്റി 15 ശതമാനത്തിനു മുകളിലുള്ളത്.
സ്വന്തം മേഖലകളില്‍ രോഗവ്യാപനം കുറയ്ക്കുന്നതിന് ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയര്‍ പേഴ്‌സണായ ജില്ലാ കലക്‌ടര്‍ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. പരമാവധി ആളുകളെ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനായി ഏര്‍പ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങളോട് എല്ലാവരും സഹകരിക്കണമെന്നും കലക്‌ടര്‍ നിര്‍ദേശിച്ചു.