കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ധാരണ സംബന്ധിച്ചുള്ള സിപിഐ വിമർശനത്തിന് മറുപടിയുമായി കേരള കോൺഗ്രസ് എം ജില്ല പ്രസിഡന്‍റ് പ്രൊഫ.ലോപ്പസ് മാത്യു. കോട്ടയം ജില്ലയിലെ ത്രിതല പഞ്ചായത്ത് ഭരണവുമായി ബന്ധപ്പെട്ട് ധാരണകളെല്ലാം കേരള കോൺഗ്രസ് പാലിച്ചിട്ടുണ്ടെന്ന് പ്രൊഫ.ലോപ്പസ് മാത്യു പറയുന്നു. പാറത്തോട് പഞ്ചായത്തിലെയും കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ വൈസ് പ്രസിഡന്‍റ് സ്ഥാനം രാജി വച്ചത് കേരള കോൺഗ്രസ് ധാരണ പാലിക്കുന്നതിന്‍റെ ഭാഗമായാണെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയത്ത് സിപിഐ ആശങ്കകള്‍ തള്ളി കേരള കോണ്‍ഗ്രസ്; ധാരണകളെല്ലാം പാലിക്കും: ലോപ്പസ് മാത്യൂ - kerala news updates
സിപിഐ കോട്ടയം ജില്ല നേതൃത്വത്തിന്‍റെ ആശങ്കകള്‍ തള്ളി കേരള കോണ്‍ഗ്രസ്. കേരള കോൺഗ്രസ് നയത്തിൽ മാറ്റമില്ലെന്ന് ജില്ല പ്രസിഡന്‍റ് പ്രൊഫ.ലോപ്പസ് മാത്യൂ. ധാരണ പാലിക്കുന്ന കാര്യത്തിൽ വിട്ടുവീഴ്‌ചയില്ല.
സിപിഐയ്ക്ക് ഈ കാര്യത്തിൽ ആശങ്കകളുടെ അടിസ്ഥാനം ഇല്ല. ഇടയ്ക്കിടെ നടത്തുന്ന പ്രസ്‌താവനകൾ കൊണ്ട് വാർത്തകളിൽ നിറഞ്ഞ് നിൽക്കാമെന്നല്ലാതെ മറ്റൊരു കാര്യവുമില്ലെന്നും ഇത് മൂലം ഇടതു മുന്നണിക്ക് ദോഷം മാത്രമെ ഉണ്ടാകൂവെന്നും സിപിഐ ജില്ല നേതൃത്വം ഓർമിക്കണം.
ഈ കാര്യത്തിൽ കേരള കോൺഗ്രസിന് ഒറ്റ നയം മാത്രമെയുള്ളൂ. ധാരണ പാലിക്കുന്ന കാര്യത്തിൽ കേരള കോൺഗ്രസിന് വിട്ടു വീഴ്‌ചയില്ലെന്നും സിപിഐ ജില്ല നേതൃത്വത്തിന്‍റെ ആശങ്കകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും ലോപ്പസ് മാത്യു കൂട്ടിച്ചേര്‍ത്തു.