കോട്ടയം:കേരളാ കോൺഗ്രസ് (എം) പാർട്ടിയുടെ ഔദ്യോഗിക ചിഹ്നമായ രണ്ടിലയും പാർട്ടിയുടെ പൂർണ അധികാരങ്ങളും കിട്ടിയതോടെ ജോസഫ് വിഭാഗത്തിനെതിരെയുള്ള നിലപാട് കടുപ്പിക്കുകയാണ് ജോസ് കെ മാണിയും കൂട്ടരും. ആദ്യ ഘട്ടത്തിൽ ജോസ് പക്ഷത്തുനിന്നും മറുകണ്ടം ചാടിയവരെ ലക്ഷ്യംവച്ചാണ് ആദ്യ നീക്കങ്ങള്‍. കേരളാ കോൺഗ്രസ് (എം) ലേബലിൽ നിന്ന് മത്സരിച്ച് വിജയിച്ച ശേഷം മറുകണ്ടം ചാടിയവരുടെ വിവരങ്ങൾ ശേഖരിച്ചു നൽകാൻ കീഴ്ഘടകങ്ങൾക്ക് നിർദേശം നൽകിയിരിക്കുകയാണ് ജോസ് കെ. മാണി.
രണ്ടില ചിഹ്നം സ്വന്തമായി; ജോസഫ് വിഭാഗത്തിനെതിരെ നിലപാട് കടുപ്പിച്ച് ജോസ് കെ. മാണി
കേരളാ കോൺഗ്രസ് (എം) എന്ന പേര് ജോസഫ് പക്ഷം ദുരുപയോഗം ചെയ്യുന്നെന്ന് ചൂണ്ടിക്കാട്ടി ഡി.ജി.പി ക്കും പരാതി നൽകിയിരിക്കുകയാണ് ജോസ് കെ മാണി.
പാർട്ടി വിട്ടവർക്ക് മടങ്ങിവരവിന് ആഹ്വാനം നൽകിയ ജോസ് കെ. മാണി വാതിലുകൾ തുറന്ന് കിടക്കുയാണെന്നും ആർക്കും കടന്നു വരാമെന്നും പറഞ്ഞിരുന്നു. അല്ലാത്ത പക്ഷം നടപടികൾ ഉണ്ടാകുമെന്ന മുന്നറിയിപ്പും നൽകി. പി.ജെ ജോസഫിന്‍റെ ശക്തികേന്ദ്രമായ ഇടുക്കി ജില്ലയിലാണ് പാർട്ടി വിട്ടവർക്കെതിരായ നടപടികളുടെ ആരംഭമെന്നും പാർട്ടി നേതൃത്വം സൂചന നൽകുന്നു. കെ.എം മാണിയുടെ മരണത്തോടെ ജോസഫ് പക്ഷത്തോടൊപ്പം ചേർന്ന സജി മഞ്ഞക്കടമ്പൻ കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്‍റെന്ന സ്ഥാനം ദുരുപയോഗം ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി കേരളാ കോൺഗ്രസ് (എം) ജോസ് പക്ഷത്തിന്‍റെ ജില്ലാ പ്രസിഡന്‍റ് സണ്ണി തെക്കേടം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വിധി വന്നതിന് ശേഷവും സമൂഹമാധ്യമങ്ങൾ വഴി വ്യാപക പ്രചരണം നടത്തുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് സണ്ണി തെക്കേടത്തിന്‍റെ പരാതി. കേരളാ കോൺഗ്രസ് (എം) എന്ന പേര് ജോസഫ് പക്ഷം ദുരുപയോഗം ചെയ്യുന്നെന്ന് ചൂണ്ടിക്കാട്ടി ഡി.ജി.പി ക്കും പരാതി നൽകിയിരിക്കുകയാണ് ജോസ് കെ മാണി. അതേസമയം പാർട്ടി അധികാരങ്ങളും ചിഹ്നവും ജോസ് കെ മാണിക്ക് നൽകിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ വിധിയിൽ ഡൽഹി ഹൈക്കോടതിയെ സമീപിക്കുമെന്ന നിലപാട് ആവർത്തിക്കുകയാണ് പി.ജെ ജോസഫ്. വിപ്പ് സംബന്ധിച്ച തർക്കത്തിലും പി.ജെ ജോസഫിന് തിരിച്ചടിയുണ്ടാക്കുമെന്നാണ് സൂചനകൾ.