കോട്ടയം: യുഡിഎഫില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം പത്ത് സീറ്റുകളില്‍ മത്സരിക്കും. കോട്ടയം ജില്ലയില്‍ മൂന്ന് സീറ്റുകളാണ് ജോസഫിന് ലഭിച്ചത്. സ്ഥാനാര്‍ഥി പ്രഖ്യാപനം നാളെ നടക്കും. കോട്ടയം ജില്ലയില്‍ ഉള്‍പ്പെടെ സീറ്റുകളുടെ കാര്യത്തില്‍ ഉടക്കി നില്‍ക്കുകയായിരുന്നു ജോസഫ് വിഭാഗം. 11 സീറ്റുകള്‍ വേണമെന്ന വാദത്തിലുറച്ച് നിന്ന ജോസഫ് ഒടുവില്‍ പത്ത് സീറ്റുകള്‍ എന്ന ധാരണ അംഗീകരിച്ചു. പത്താമത്തെ സീറ്റായി തൃക്കരിപ്പൂര്‍ നല്‍കും. കോട്ടയം ജില്ലയില്‍ ആറ് സീറ്റുകള്‍ വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും മൂന്നെണ്ണം കൊണ്ട് തൃപ്‌തിപ്പെടേണ്ടിവന്നു. ഏറ്റുമാനൂര്‍, ചങ്ങനാശേരി, കടത്തുരുത്തി മണ്ഡലങ്ങളാണ് ജില്ലയില്‍ കേരള കോണ്‍ഗ്രസിന് ലഭിച്ചത്.
ജോസഫ് വിഭാഗം പത്ത് സീറ്റുകളില്‍ മത്സരിക്കും; സ്ഥാനാർഥി പ്രഖ്യാപനം നാളെ - കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർഥി പ്രഖ്യാപനം
ഏറ്റുമാനൂര്‍, ചങ്ങനാശേരി തുടങ്ങിയ സീറ്റുകളിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണ് നേതൃത്വം
ഏറ്റുമാനൂര്‍ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. കോണ്‍ഗ്രസ് സീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാകുന്നതിന് പുറമെ സ്ഥാനാര്‍ഥിത്വം പ്രതീക്ഷിച്ചിരുന്ന മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷിനും അതൃപ്‌തിയുണ്ട്. തൊടുപുഴ, ഇടുക്കി, കുട്ടനാട്, തിരുവല്ല, കോതമംഗലം, ഇരിങ്ങാലക്കുട എന്നിവയാണ് ജോസഫ് വിഭാഗത്തിന് ലഭിച്ച മറ്റ് മണ്ഡലങ്ങള്‍. പാര്‍ട്ടി സംബന്ധിച്ചുള്ള കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിക്കുന്ന ചിഹ്നത്തില്‍ മത്സരിക്കുമെന്നും മോന്‍സ് ജോസഫ് പറഞ്ഞു.
മാന്യമായ പരിഗണന മുന്നണിയില്‍ കിട്ടി എന്ന വിലയിരുത്തലില്‍ തന്നെയാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗമുള്ളത്. ഏറ്റുമാനൂര്‍, ചങ്ങനാശേരി തുടങ്ങിയ സീറ്റുകളിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണ് നിലവിൽ നേതൃത്വം.