ലോക്ലഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന നിലപാടിൽ തന്നെ പിജെ ജോസഫ് ഉറച്ചു നിൽക്കുമ്പോൾ ഏതുവിധേനയും പ്രതിരോധിക്കാനാണ് കേരള കോൺഗ്രസ് മാണി വിഭാഗത്തിന്‍റെ തീരുമാനം. കോട്ടയത്ത് മാണി ഗ്രൂപ്പിൽ നിന്നുള്ള സ്ഥാനാർഥി ഉണ്ടാകുമെന്നും എതിർ സ്വരങ്ങളെ പാർട്ടിയിലെ മേൽകൈ ഉപയോഗിച്ച് വെട്ടി നിരത്തുമെന്നുമുള്ള സൂചനയാണ് നേതൃത്വം നൽകുന്നത്.
കേരള കോൺഗ്രസ് സീറ്റ് ചർച്ച, കോട്ടയം വിട്ടൊരു കളിയില്ലെന്ന് മാണി വിഭാഗം - pj joseph
തന്‍റെ സ്ഥാനാർത്ഥി മോഹവും പാർട്ടിക്കുള്ളിലെ ഭിന്നതകളും പരസ്യമായി പിജെ ജോസഫ് തുറന്നടിച്ചത് മാണി വിഭാഗത്തെ ചൊടിപ്പിച്ചിരുന്നു. സ്റ്റിയറിംഗ് കമ്മറ്റിയിലെ ഭൂരിപക്ഷം ഉപയോഗിച്ച് ജോസഫിന്‍റെ വായടപ്പിക്കാനാണ് മാണി ഗ്രൂപ്പിന്‍റെ ശ്രമം
കേരള കോൺഗ്രസിന് രണ്ടാം സീറ്റ് എന്ന ആവശ്യവുമായി ജോസഫ് വിഭാഗം രംഗത്ത് എത്തിയത് മുതൽ സ്വീകരിച്ചിരുന്ന അതേ മൃദു സമീപനം തന്നെയാണ് യുഡിഎഫിൽ സീറ്റ് ചർച്ച അവസാനഘട്ടത്തിലേക്ക് എത്തുമ്പോഴും മാണി വിഭാഗത്തിലുള്ളത്. ഇതിനിടെ തന്‍റെ സ്ഥാനാർഥി മോഹവും പാർട്ടിക്കുള്ളിലെ ഭിന്നതകളും പരസ്യമായി പിജെ ജോസഫ് തുറന്നടിച്ചത് മാണി വിഭാഗത്തെ ചൊടിപ്പിച്ചിരുന്നു. ജോസഫിനെതിരെ ശക്തമായ വിമർശനങ്ങളാണ് മാണി വിഭാഗം ഉയർത്തുന്നതും. കേരള കോൺഗ്രസിന് അധിക സീറ്റ് എന്ന ആവശ്യം മുന്നണിയിൽ തള്ളപ്പെട്ടാൽ ഏക സീറ്റായ കോട്ടയത്ത് മത്സരിക്കാൻ ശ്രമം നടത്തുന്ന പി ജെ ജോസഫിനെ പ്രതിരോധിക്കും വിധമുള്ള പ്രതികരണമാണ് പാർട്ടി വൈസ് ചെയർമാൻ ജോസ് കെ മാണിയുടെ ഭാഗത്തു നിന്നും കഴിഞ്ഞദിവസങ്ങളിൽ ഉണ്ടായത്. സ്റ്റിയറിംഗ് കമ്മറ്റിയിലെ ഭൂരിപക്ഷം ഉപയോഗിച്ച് ജോസഫിന്‍റെ വായടപ്പിക്കാനാണ് മാണി ഗ്രൂപ്പിന്‍റെ ശ്രമം. വിമതനായി മത്സരിച്ച് കോട്ടയത്ത് ഏറ്റുമുട്ടലിന് എത്തിയാൽ പിജെ ജോസഫിനെ ദുർബലപ്പെടുത്താനും മാണി വിഭാഗം പദ്ധതിയിട്ടിട്ടുണ്ട്. കോട്ടയം സീറ്റ് വിട്ടുകൊടുത്ത് ആരെയും ഒപ്പം നിർത്തേണ്ടതില്ല എന്ന തീരുമാനത്തിലാണ് മാണി വിഭാഗം.