കോട്ടയം: ലഹരിവിരുദ്ധ ദിനത്തോട് അനുബന്ധിച്ച് കെസിബിസി മദ്യവിരുദ്ധസമിതി നേതൃത്വത്തില്‍ പാലായില്‍ നടത്തിയ ' ആത്മഹത്യാശ്രമം മോക്ഡ്രില്‍ ' ആകെ പാളി. സംഭവത്തെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്ന് അധികൃതരില്‍ ചിലരും പറയുന്നു. ഉച്ചയ്ക്ക് പതിനൊന്നരയടെയാണ് സംഭവങ്ങളുടെ തുടക്കം. മുന്‍സിപ്പല്‍ കെട്ടിടത്തിന് മുകളില്‍ കയറിയ യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കിയതോടെയാണ് ആളുകള്‍ ശ്രദ്ധിച്ചത്.
ലഹരിവിരുദ്ധ ദിനം; കെസിബിസി മോക്ക് ഡ്രില്ലില്‍ പാളി
ലഹരിയ്ക്ക് അടിമയായ ആള്‍ കാട്ടിക്കൂട്ടുന്ന വിഭ്രാന്തികളാണ് ഏകാംഗ മോക്ഡ്രില്ലിലൂടെ ലക്ഷ്യമിട്ടത്.
കെട്ടിടത്തിന്‍റെ സൈഡിലെ ഭിത്തിയില്‍ കയറിയ ആള്‍ താഴേയ്ക്ക് ചാടുമെന്ന പ്രതീതിയും സൃഷ്ടിച്ചു. പാഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് സംഘം മുകളിലെത്തി ഇയാളെ അനുനയിപ്പിച്ച് താഴെയെിറക്കി. കെസിബിസി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിളയുടെ നേതൃത്വത്തിലായിരുന്നു പരിപാടികള്‍. പോലീസെത്തി ആത്മഹത്യാശ്രമം നടത്തിയ ആളെയും സംഘാടകനായ പ്രസാദ് കുരുവിളയെയും പൊലീസ് വാഹനത്തില്‍ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. പാലായില്‍ കെസിബിസി മദ്യവിരുദ്ധസമിതി നടത്തിയ ലഹരിവിരുദ്ധ ദിന സന്ദേശ പരിപാടിയാണ് സംഘാടകര്‍ക്ക് തിരിച്ചടിയായത്. ആവശ്യമായ മുന്നൊരുക്കം നടത്തിയിരുന്നതായി സംഘാടകര്‍ പറയുമ്പോഴും കൊവിഡ് കാലത്ത് നടത്തിയ നാടകത്തിനെതിരെ ജനകീയ രോഷം ഉയരുകയായിരുന്നു.
ലഹരിയ്ക്ക് അടിമയായ ആള്‍ കാട്ടിക്കൂട്ടുന്ന വിഭ്രാന്തികളാണ് ഏകാംഗ മോക്ഡ്രില്ലിലൂടെ ലക്ഷ്യമിട്ടത്. സംഘടനാ പ്രവര്‍ത്തകന്‍ കൂടിയായ കുറവിലങ്ങാട് സ്വദേശി ജോയി തലേക്കണ്ടത്താണ് കെട്ടിടത്തിന് മുകളില്‍ കയറിയത്. സംഭവം അറിയാതെ ആത്മഹത്യാശ്രമമെന്ന രീതിയില്‍ വാര്‍ത്തയും സോഷ്യല്‍മീഡിയകളില്‍ പരന്നു. സ്റ്റേഷനിലെത്തിച്ച സംഘാടകരെ പിന്നീട് വിട്ടയച്ചു. അതേസമയം, മോക്ഡ്രില്‍ സംബന്ധിച്ച് സി.ഐ, എക്‌സൈസ്, നഗരസഭ എന്നിവര്‍ക്ക് നേരത്തെ വിവരം നല്‍കിയിരുന്നതായി പ്രസാദ് പറഞ്ഞു. ആളുകള്‍ കൂടിയിരുന്നതിനാലാണ് ബോധവല്‍കരണസന്ദേശം നല്‍കാനാകാതെ പോയതെന്നും പ്രസാദ് പറഞ്ഞു.