കോട്ടയം: പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ലൈഫ് മിഷൻ പദ്ധതി പൂർണമായും സ്‌തംഭനാവസ്ഥയിലാണെന്ന് മുൻ മന്ത്രി കെ സി ജോസഫ്. മൂന്ന് വർഷം മുൻപ് നിർമാണം ആരംഭിച്ച 31 ഹൗസിങ് കോംപ്ലക്‌സുകളിൽ ഒരെണ്ണം പോലും ഇതുവരെ പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. 40 ലക്ഷം രൂപ മുടക്കിയാണ് ക്ലിഫ് ഹൗസിൽ തൊഴുത്ത് നിർമിക്കുന്നത്.
ഈ തൊഴുത്തിന്‍റെ പരിഗണന പോലും ലൈഫ് മിഷൻ വീടുകൾക്കു മുഖ്യമന്ത്രി നൽകുന്നില്ല. ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ അഞ്ച് വർഷത്തെ കാലയളവിൽ ഇന്ദിര ആവാസ് യോജന പദ്ധതിയിലൂടെ ഗ്രാമവികസന വകുപ്പിന്‍റെ കീഴിൽ രണ്ടര ലക്ഷം വീടുകളും പട്ടികജാതി പട്ടികവർഗ വകുപ്പ്, ഫിഷറീസ് വകുപ്പ്, മൈനോറിറ്റീസ് വകുപ്പ് എന്നിവയുടെ കീഴിൽ ഒരുലക്ഷം വീടുകളും ഉൾപ്പെടെ മൂന്നര ലക്ഷം വീടിന്‍റെ നിർമാണം പൂർത്തിയാക്കിയ സ്ഥാനത്ത് ആറ് വർഷം കൊണ്ട് പിണറായി സർക്കാർ 2.7 ലക്ഷം വീടുകൾ മാത്രമാണ് പൂർത്തീകരിച്ചത്.
കെ സി ജോസഫ് മാധ്യമങ്ങളോട് മുൻകാലത്ത് ഗ്രാമവികസന വകുപ്പിന് പുറമെ പട്ടികജാതി പട്ടിക വർഗ വകുപ്പും ഫിഷറീസ് വകുപ്പും ത്രിതല പഞ്ചായത്തുകളും പ്രത്യേകമായി അവരുടെ മേഖലയിൽ ഓരോ വിഭാഗത്തിനും വീടുകൾ നിർമിച്ചിരുന്നു. അതെല്ലാം നിർത്തി വച്ചിട്ടാണ് ലൈഫ് മിഷൻ ആരംഭിച്ചത്. ഫലത്തിൽ പട്ടികജാതി പട്ടികവർഗ വിഭാഗത്തിനും മത്സ്യത്തൊഴിലാളികൾക്കും നൽകിയിരുന്ന മുൻഗണന ഇല്ലാതായി.
ഈ സാമ്പത്തിക വർഷം പൊതുവിഭാഗത്തിനുള്ള വീടുകൾ തെരഞ്ഞെടുത്തതല്ലാതെ അതിനാവശ്യമായ ഫണ്ട് നീക്കിവയ്‌ക്കാനോ അതിനുള്ള ഉത്തരവ് നൽകാനോ സർക്കാർ തയ്യാറായിട്ടില്ലെന്നും കെ സി ജോസഫ് കുറ്റപ്പെടുത്തി. ലൈഫ് മിഷൻ പദ്ധതിയിൽ തുടർ നടപടികൾ ഉണ്ടായില്ലെങ്കിൽ പ്രക്ഷോഭം തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
മുഖ്യമന്ത്രി മനസ് കാട്ടിയിരുന്നുവെങ്കിൽ വിഴിഞ്ഞം സമരം നേരത്തെ ഒത്തു തീർപ്പാക്കാമായിരുന്നുവെന്നും ജോസഫ് കുറ്റപ്പെടുത്തി.