കോട്ടയം: കാരുണ്യപദ്ധതി നിര്‍ത്തലാക്കുന്നതിന് എതിരെ പ്രതിഷേധിക്കുമെന്ന് കേരള കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ മാണി. യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് കെ എം മാണി പ്രാബല്യത്തിൽ കൊണ്ടുവന്ന കാരുണ്യ പദ്ധതി അട്ടിമറിച്ച് നിര്‍ത്തലാക്കുന്ന എൽഡിഎഫ് സർക്കാർ നയത്തിൽ പ്രതിഷേധിച്ച് ജൂലൈ ഒമ്പത് ചൊവ്വാഴ്ച എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കേരളാ കോണ്‍ഗ്രസ് (എം) ജില്ലാ കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ ധര്‍ണ്ണ നടത്തുമെന്ന് ജോസ് കെ മാണി പറഞ്ഞു.
കാരുണ്യപദ്ധതി നിർത്തലാക്കുന്നതിനെതിരെ പ്രതിഷേധം - കാരുണ്യപദ്ധതി
ജനങ്ങളോടുള്ള നിഷേധാത്മക സമീപനമാണ് കാരുണ്യപദ്ധതി നിര്‍ത്തലാക്കിയതോടെ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് ജോസ് കെ മാണി.
കാരുണ്യപദ്ധതി നിര്‍ത്തലാക്കിയതോടെ സംസ്ഥാന സര്‍ക്കാരിന്‍റെ മനുഷ്യത്വരഹിതവും കാരുണ്യവുമില്ലാത്ത സമീപനം വീണ്ടും വെളിപ്പെട്ടിരിക്കുന്നു. 2011 ല്‍ യുഡിഎഫ് സര്‍ക്കാരിന് വേണ്ടി കെ എം മാണി അവതരിപ്പിച്ച ബജറ്റിലൂടെ ഗുരുതര രോഗം മൂലം വലഞ്ഞിരുന്ന ലക്ഷകണക്കായ പാവപ്പെട്ടവരും സാധാരണക്കാരുമായ ജനങ്ങളാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. പദ്ധതി നിര്‍ത്തലാക്കിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഒരു സുകൃതംപോലെ കാരുണ്യലോട്ടറി എടുത്തിരുന്ന ജനങ്ങളോടുള്ള നിഷേധാത്മക സമീപനമാണ് കാരുണ്യപദ്ധതി നിര്‍ത്തലാക്കിയതോടെ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും ജോസ് കെ മാണി ആരോപിച്ചു.