കോട്ടയം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അന്ത്യാഭിവാദ്യമര്‍പ്പിച്ച് കേരളം (Kanam Rajendran Funeral). ഇന്ന് രാവിലെ 11.30ന് ജന്മനാടായ കാനത്തെ കൊച്ചുകളപ്പുരയിടം വീട്ടുവളപ്പിൽ ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അടക്കമുള്ളവർ വീട്ടിലെത്തി ആദരാഞ്ജലി അർപ്പിച്ചു.
എംപിമാരായ ജോസ് കെ മാണി, തോമസ് ചാഴിക്കാടൻ, എംഎൽഎമാർ, മത മേലധ്യക്ഷൻമാർ, സാംസ്‌കാരിക നായകന്മാരടക്കം നിരവധിയാളുകൾ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു. സംസ്‌കാര ചടങ്ങുകൾ പൂർത്തിയായ ശേഷമാണ് മുഖ്യമന്ത്രി കാനത്തിന്‍റെ വസതിയിൽ നിന്ന് മടങ്ങിയത്. തുടർന്ന് നടന്ന അനുശോചന യോഗത്തിൽ മന്ത്രിമാരടക്കമുള്ളവർ പങ്കെടുത്തു.
പുലർച്ചെ ഒരു മണിയോടെ കോട്ടയത്തെ പാർട്ടി ഓഫിസിലെത്തിച്ച ഭൗതികശരീരം രണ്ടുമണിയോടെയായിരുന്നു കാനത്തെ വീട്ടിലേക്ക് കൊണ്ടുപോയത്. മന്ത്രിമാരും നേതാക്കളും കുടുംബാംഗങ്ങളുമെല്ലാം അനുഗമിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ നിശ്ചയിച്ച 21 കേന്ദ്രങ്ങളിൽ വലിയ ജനാവലി യാത്രാമൊഴി ചൊല്ലാനുണ്ടായിരുന്നു.
ഉപചാരം അർപ്പിക്കാൻ സിപിഐ ഓഫിസിലെത്തിയത് ആയിരങ്ങൾ: അന്തരിച്ച സിപിഐ നേതാവ് കാനം രാജേന്ദ്രന് ഉപചാരം അർപ്പിക്കാൻ സിപിഐ ഓഫിസിലെത്തിയത് നിരവധിയാളുകളാണ്. വിവിധ ജില്ലയിലെ സിപിഐ - സിപിഎം പ്രതിനിധികൾ നേരിട്ടെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.