കോട്ടയം :കക്കി, ഇടുക്കി ഡാമുകള്‍ പെട്ടെന്ന് തുറക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കെ രാജന്‍. കോട്ടയം കൂട്ടിക്കലിൽ ഉരുൾപൊട്ടലിലും ഒഴുക്കിലും മരിച്ചവരുടെ എണ്ണം പന്ത്രണ്ടായതായും അദ്ദേഹം അറിയിച്ചു. ഇതുവരെ 12 മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
ഇതില്‍ ആറ് മൃതദേഹങ്ങളും ഒരു കുടുംബത്തില്‍ നിന്നുള്ളവരുടേതാണ്. അതേസമയം അപകടത്തില്‍പ്പെട്ടവരുടെ എണ്ണം 13ല്‍ നിന്നും 15 ആയി ഉയര്‍ന്നതായി മന്ത്രി കൂട്ടിച്ചേര്‍ത്തു. ശനിയാഴ്‌ച പുറത്തുവിട്ട കണക്കനുസരിച്ച് 13 പേരായിരുന്നു മരിച്ചത്. എന്നാല്‍ ഞായറാഴ്‌ച രാവിലെ ലഭിച്ച രണ്ട് മൃതദേഹങ്ങള്‍ ഈ കണക്കില്‍പ്പെട്ടവ ആയിരുന്നില്ല.
കക്കി, ഇടുക്കി ഡാമുകള്‍ ഉടന്‍ തുറക്കില്ല; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായും മന്ത്രി രാജന്‍ Read More:കണ്ണീരായി കൂട്ടിക്കല്‍ ; 12 പേരുടെ മൃതദേഹം കണ്ടെത്തി, തിരച്ചില്‍ തുടരുന്നു
ദേശീയ ദുരന്ത നിവാരണ സേനയുടെ 11 ടീമുകളെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. ആര്‍മിയുടെ രണ്ട് ടീമുകളും രക്ഷാപ്രവര്‍ത്തനിനായി എത്തും. ഇടുക്കി തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നുള്ള സൈനികരാണ് എത്തുക. എയര്‍ ലിഫ്‌റ്റിങ്ങിനുള്ള വായുസേനയുടെ രണ്ട് സംഘവും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.
Read More:കൊക്കയാർ ഉരുൾപൊട്ടൽ: തിരച്ചിൽ പുരോഗമിക്കുന്നു; കാണാതായവരിൽ ഒരു കുടുംബത്തിലെ 6 പേരും
സംസ്ഥാനത്തിന്‍റെ വിവിധ കേന്ദ്രങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. കോട്ടയം ജില്ലയില്‍ മാത്രം 33 ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇടുക്കിയില്‍ ഒമ്പത് ക്യാമ്പുകളാണ് തുറന്നത്. ഡാമുകള്‍ നിരീക്ഷിക്കുന്നതിന് ഉദ്യാഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സഹായങ്ങള്‍ അടിയന്തരമായി നല്‍കും. കൊവിഡ് രോഗികള്‍ക്ക് ക്യാമ്പുകളില്‍ പ്രത്യേക സംവിധാനം ഒരുക്കും. ദുരന്തത്തില്‍ മരിച്ചവരുടെ സംസ്കാരം അടക്കമുള്ള നടപടികള്‍ക്കായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ക്രമീകരണങ്ങള്‍ ഒരുക്കിയതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.