കോട്ടയം:മ്യൂസിയം ലൈംഗികാതിക്രമ കേസില്‍ പൊലീസിൻ്റെ ഭാഗത്ത് ഗുരുതര വീഴ്‌ചയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ. മന്ത്രി റോഷി അഗസ്റ്റിനും സർക്കാരിനും ഇതിൽ നിന്നും ഒഴിഞ്ഞുമാറാനാവില്ല. എങ്ങനെയാണ് സർക്കാർ വാഹനം പീഡനക്കേസിലെ പ്രതി ഉപയോഗിച്ചതെന്നും അദ്ദേഹം ചോദിച്ചു.
മ്യൂസിയം ലൈംഗികാതിക്രമ കേസില്‍ പൊലീസിന് ഗുരുതര വീഴ്‌ചയെന്ന് കെ സുരേന്ദ്രന്‍ ALSO READ|മ്യൂസിയം വളപ്പിൽ വനിത ഡോക്ടറെ ആക്രമിച്ചതും സന്തോഷ്: പരാതിക്കാരി തിരിച്ചറിഞ്ഞു
മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിലെ അംഗങ്ങൾ കേസുകളിൽ ഉൾപ്പെടുന്നുവെന്നത് വീഴ്‌ചയാണ്. സംസ്ഥാനത്ത് സ്ത്രീ സുരക്ഷ വാക്കിൽ മാത്രമാണ്. അഭ്യന്തര വകുപ്പ് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിലക്കയറ്റം രൂക്ഷമായിട്ടും സർക്കാർ ഇടപെടുന്നില്ലെന്നും ഗവർണറുമായി ഏറ്റുമുട്ടി വിഷയം മാറ്റാൻ സർക്കാർ നീക്കം നടത്തുകയാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
പ്രതി അറസ്റ്റിലായത് ഇന്ന്:മ്യൂസിയം പരിസരത്ത് ലൈംഗികാതിക്രമം നടത്തിയതും കുറവൻകോണം കേസിൽ അറസ്റ്റിലായ മലയിൻകീഴ് സ്വദേശി സന്തോഷ് തന്നെയെന്ന് പൊലീസ് ഇന്നാണ് സ്ഥിരീകരിച്ചത്. പരാതിക്കാരി പ്രതിയെ തിരിച്ചറിഞ്ഞതോടെയാണ് ഇക്കാര്യത്തില്‍ പൊലീസ് സ്ഥിരീകരണം നടത്തിയത്. ഒക്ടോബര്‍ 26ന് പുലര്‍ച്ചെ പ്രഭാത സവാരിക്കിറങ്ങിയ വനിത ഡോക്‌ടര്‍ക്ക് നേരേയാണ് ഇയാള്‍ ലൈംഗികാതിക്രമം നടത്തിയത്.
എൽഎംഎസ് ജങ്ഷനില്‍ വാഹനം നിർത്തിയ ശേഷമാണ് നടന്നുവന്ന പ്രതി യുവതിയെ ആക്രമിച്ചത്. ഇതിനുശേഷം മ്യൂസിയം ഗേറ്റ് ചാടിക്കടന്ന് പ്രതി രക്ഷപ്പെടുകയായിരുന്നു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍റെ പ്രൈവറ്റ് സെക്രട്ടറിയുടെ വാഹനത്തിലെ താത്‌കാലിക ഡ്രൈവറാണ് സന്തോഷ്.