കോട്ടയം: ധനമന്ത്രി കെഎൻ ബാലഗോപാലിനെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഗവർണക്കെതിരെ ബാലഗോപാൽ നടത്തിയ പ്രസ്‌താവന സത്യപ്രതിജ്ഞ വിരുദ്ധമാണ്. ഉത്തർപ്രദേശിലുള്ളയാൾ കേരളത്തിലെ കാര്യം എങ്ങനെ അറിയുമെന്ന മന്ത്രിയുടെ പ്രസ്‌താവന വിഭാഗീയത വളർത്തുന്നതാണ്.
കെഎൻ ബാലഗോപാലിനെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കണം: കെ സുരേന്ദ്രൻ ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി ദുരഭിമാനം വെടിഞ്ഞ് മന്ത്രിയെ പുറത്താക്കണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഗവർണറാണ് മന്ത്രിമാരെ നിയമിക്കുന്നത്. അപ്പോൾ മന്ത്രി ഗവർണറെ വിമർശിക്കുന്നത് ചട്ടലംഘനമാണ്. ഭരണസ്‌തംഭനം ഒഴിവാക്കാൻ ധനമന്ത്രിയെ സ്ഥാനത്ത് നിന്ന് നീക്കണം.
ജനാധിപത്യ വിരുദ്ധമായ കാര്യങ്ങളാണ് മുഖ്യമന്ത്രി ഗവർണർക്കെതിരെ നടത്തുന്നത്. മുഖ്യമന്ത്രി പാർട്ടി ഗുണ്ടയെ പോലെയാണ് പെരുമാറുന്നത്. ഗവർണർക്കെതിരെയുള്ള അനാവശ്യ പ്രചരണങ്ങളിൽ നിന്നും മുഖ്യമന്ത്രിയും മന്ത്രിമാരും ഒഴിഞ്ഞ് നിൽക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. സർവകലാശാലകളിൽ ചട്ടം മറികടന്ന് സ്വന്തക്കാരെ തിരുകി കയറ്റിയതാണ് പ്രശ്‌നങ്ങൾക്ക് കാരണം.
സാങ്കേതിക സർവകലാശാലയിൽ സുപ്രീം കോടതി പറഞ്ഞ വിധി എല്ലാ സർവകലാശാലകൾക്കും ബാധകമാണ് എന്നും സുരേന്ദ്രൻ പറഞ്ഞു. യുജിസി ചട്ടം ലംഘിച്ച് വിസി ആയവരെല്ലാം രാജിവെയ്ക്കാൻ ബാധ്യസ്ഥരാണ്. ജാള്യത മറയ്ക്കാൻ ഗവർണർക്കെതിരെ മോശമായ പ്രസ്‌താവനകൾ നടത്തുന്ന മുഖ്യമന്ത്രിയാണ് എല്ലാ പ്രശ്‌നങ്ങൾക്കും കാരണക്കാരനെന്നും സുരേന്ദ്രൻ ആരോപിച്ചു.