കോട്ടയം: കടുത്തുരുത്തി വെളിയംകോട് കെ റെയിൽ സർവേക്കല്ല് സ്ഥാപിക്കാനെത്തിയ ഉദ്യോഗസ്ഥരുടെ വാഹനം തടഞ്ഞ് നാട്ടുകാർ. നാട്ടുകാർ റോഡിൽ വാഹനത്തിന് കുറുകെ കിടന്ന് പ്രതിഷേധിച്ചത് പ്രദേശത്ത് സംഘർഷത്തിന് കാരണമായി. വിവിധ രാഷ്‌ട്രീയ പാർട്ടികൾ പ്രതിഷേധത്തിന് പിന്തുണയുമായി എത്തി.
വെളിയംകോട് കെ റെയിലിന്‍റെ കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ് നാട്ടുകാർ സിൽവർ ലൈൻ പദ്ധതിയുടെ കല്ലിടൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനെതിരെയാണ് വീണ്ടും പ്രതിഷേധവുമായി സിൽവർ ലൈൻ വിരുദ്ധ സമരസമിതി രംഗത്തെത്തിയിരിക്കുന്നത്. കോട്ടയത്ത് ഞീഴൂർ പഞ്ചായത്തിലെ വിളയങ്കോട് മേഖലയിൽ കല്ലിടലിനായി രാവിലെ ഉദ്യോഗസ്ഥ സംഘം എത്തുമെന്ന് നേരത്തെ തന്നെ അറിയിപ്പുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ പ്രദേശത്ത് നാട്ടുകാർ നേരത്തെ തന്നെ തമ്പടിച്ചിരുന്നു. എന്ത് സംഭവിച്ചാലും കല്ലിടീൽ അനുവദിക്കില്ലെന്ന നിലപാടിലാണ് സമരസമിതി.
പ്രതിഷേധം മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്‌തു. വരും ദിവസങ്ങളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു.
നേരത്തെ കൊല്ലാട്, പനച്ചിക്കാട് ഭാഗത്ത് കല്ലിടാൻ എത്തിയ കെ റെയിൽ ജീവനക്കാരെ നാട്ടുകാർ തടഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ വെളിയംകോടും സംഘർഷം ഉണ്ടായിരിക്കുന്നത്. പ്രതിഷേധത്തിന് സാധ്യതയുള്ളതിനാൽ ഇനി പൊലീസ് സംരക്ഷണയിലാകും കല്ലിടിലിനായി പൊലീസ് സംഘം എത്തുക. രണ്ട് റവന്യൂ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് കല്ലിടൽ ജോലികൾ നടക്കുക.
പദ്ധതിയുമായി ബന്ധപ്പെട്ട സർക്കാരിന്‍റെ ജില്ലയിലെ വിശദീകരണ യോഗം നടന്നതിനു പിന്നാലെയാണ് കല്ലിടൽ ജോലി ആരംഭിച്ചത്. സിൽവർ ലൈനിൽ സാമൂഹിക ആഘാത പഠനത്തിനു പിന്നാലെ പ്രതിഷേധങ്ങൾ ഒരു പരിധി വരെയെങ്കിലും തണുപ്പിക്കാനാകുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്.
കോട്ടയം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നായി 110 ഹെക്‌ടറിലധികം ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടി വരുന്നത്. ജില്ലയിലെ നാല് താലൂക്കുകളിലെ 16 ഗ്രാമ പഞ്ചായത്തുകളിലൂടെയാണ് സിൽവർ ലൈൻ കടന്നു പോകുന്നത്.
Also Read:ഗൂഢാലോചന കേസ്; സാക്ഷികളുടെ മൊഴിയെടുത്ത് ക്രൈം ബ്രാഞ്ച്