കേരളം

kerala

ETV Bharat / state

കെ എം മാണി കേരള രാഷ്ട്രീയത്തിലെ റെക്കോഡുകളുടെ ഉടമ - കെ എം മാണി

സംസ്ഥാന രാഷ്ട്രീയത്തില്‍ ഒരു പക്ഷേ ഇനിയാര്‍ക്കും തിരുത്താന്‍ കഴിയാത്ത നരവധി റെക്കോഡുകളുടെ ഉടമയാണ് കെ എം മാണി

കെ എം മാണി

By

Published : Apr 9, 2019, 5:36 PM IST

Updated : Apr 9, 2019, 6:46 PM IST

കോട്ടയം: കെ എം മാണിയുടെ നിര്യാണത്തോടെ രാഷ്ട്രീയ കേരളത്തില്‍ നിരവധി റെക്കോഡുകള്‍ രചിച്ച വ്യക്തിത്വത്തെയാണ് നഷ്ടമായത്. മാണി രചിച്ച റെക്കോഡുകള്‍ ഒരു പക്ഷേ ഇനിയാര്‍ക്കും തിരുത്താന്‍ പോലും കഴിയാത്ത വിധം ഭദ്രമാണ്. ഏറ്റവും കൂടുതല്‍ മന്ത്രിസഭകളില്‍ അംഗമായിരുന്നതു മുതല്‍ ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ചതു വരെയുള്ള റെക്കോഡ് കെ എം മാണിയുടെ പേരിലാണ്.

കേരള രാഷ്ട്രീയത്തിലെ അതികായന്‍ വിടവാങ്ങി
കരിങ്ങോഴയ്ക്കല്‍ മാണി, പാലാക്കാര്‍ അദ്ദേഹത്തെ മാണി സര്‍ എന്ന് വിളിച്ചു. കേരളം മുഴുവന്‍ അതേറ്റുവിളിച്ചു. 1933 ജനുവരി 30ന് പാലാ മരങ്ങാട്ടുപള്ളിയില്‍ തൊമ്മന്‍ മാണിയുടേയും ഏലിയാമ്മയുടേയും മകനായി ജനനം. മദ്രാസ് ലോകോളജില്‍ നിന്നും നിയമ ബിരുദം കരസ്ഥമാക്കിയ കെ.എം മാണി 1955ല്‍ ഹൈക്കോടതി ജഡ്ജി പി. ഗോവിന്ദമേനോന്റെ കീഴില്‍ അഭിഭാഷകനായി പരിശീലനം ആരംഭിച്ചു. തുടര്‍ന്ന് രാഷ്ട്രീയത്തില്‍ സജീവമാവുകയും 59ല്‍ കെപിസിസിയില്‍ അംഗമാവുകയും ചെയ്തു.1964 മുതല്‍ കേരളാകോണ്‍ഗ്രസില്‍. 1975ലെ അച്യുതമേനോന്‍ മന്ത്രിസഭയിലാണ് കെ എം മാണി ആദ്യമായി മന്ത്രിസ്ഥാനം അലങ്കരിക്കുന്നത്. പിന്നീടിങ്ങോട്ട് റെക്കോര്‍ഡുകള്‍ ഭേദിച്ച് കെ.എം. മാണി എന്ന നേതാവിന്റെ തേരോട്ടമായിരുന്നു. 1964ലാണ് പാലാ നിയമസഭാ മണ്ഡലം രൂപീകൃതമാകുന്നത്. 65 മുതല്‍ 13 തവണയും പരാജയമറിയിക്കാതെ സ്വന്തം മാണി സാറിനെ പാലാക്കാര്‍ നെഞ്ചോടു ചേര്‍ത്തു.ഒരു നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് ഇത്രയേറെ തവണ വിജയം കൈവരിച്ച മറ്റൊരു നേതാവില്ല. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായിരുന്ന ബേബി ജോണിന്റെ റെക്കോര്‍ഡ് 2003 ജൂണ്‍ 22 ന് മാണി സര്‍ സ്വന്തം പേരിലാക്കി. പത്ത് മന്ത്രിസഭകളില്‍ അംഗമായി. സി അച്ചുതമേനോന്‍ മന്തിസഭയിലും കെ കരുണാകരന്റെ നാല് മന്ത്രിസഭകളിലും എ കെ ആന്റണിയുടെ മൂന്ന് മന്ത്രിസഭകളിലും പികെവി മന്ത്രിസഭയിലും നായനാര്‍ മന്ത്രിസഭയിലും കെ എം മാണി അംഗമായിരുന്നു.തുടര്‍ച്ചയായി 11 നിയമസഭകളില്‍ അംഗമായി. ഏഴ് നിയമസഭകളില്‍ മന്ത്രിയാകാന്‍ അവസരം ലഭിച്ചു. ഏറ്റവും കൂടുതല്‍ കാലവും ഏറ്റവും കൂടുതല്‍ തവണയും നിയമസഭാംഗമായി. 51 വര്‍ഷത്തെ നിയമസഭാംഗമായുള്ള ജീവിതത്തില്‍ 13 തവണ ബജറ്റവതരിപ്പിച്ച മാണിസാറിനെ കടത്തിവെട്ടാന്‍ മറ്റൊരാളുണ്ടായിട്ടില്ല.സത്യപ്രതിജ്ഞയിലും മാണി ഒന്നാം സ്ഥാനത്താണ്. 11 തവണ അദ്ദേഹം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 1977-78 ൽ മന്ത്രിയായിരിക്കെ രാജി വക്കേണ്ടി വന്ന ഒരു ഇടവേളക്ക് ശേഷം അതേ മന്ത്രിസഭയിൽ തിരിച്ച് വന്നതിനാലാണ് ഒരു സത്യപ്രതിജ്ഞ കൂടുതലായി വന്നത്.2014ലെ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ കെ എം മാണിയുടെ രാഷ്ട്രീയ ജീവിതത്തിലെ കല്ലുകടിയായി. 2014-ൽ പൂട്ടിയ 418 ബാറുകൾ തുറക്കുന്നതിനായി ബാറുടമകളുടെ സംഘടന ഒരു കോടി രൂപ കൈക്കൂലി കൊടുത്തു എന്ന് ബിജു രമേശ് ആരോപണമുന്നയിച്ചു. ബാർ കോഴ കേസിൽ ഇദ്ദേഹത്തെ പ്രതിയാക്കി സംസ്ഥാന വിജിലൻസ് അന്വേഷണം ആരംഭിച്ചിരുന്നു. ബാർകോഴക്കേസിൽ തിരുവനന്തപുരം വിജിലൻസ് കോടതി തുടരന്വേഷണം പ്രഖ്യാപിച്ചു. ഉത്തരവിനെതിരെ വിജിലൻസ് വകുപ്പ് ഹൈക്കോടതിയെ സമീപിച്ചു. കേരള ഹൈക്കോടതി കേസ് പരിഗണിക്കവെ നടത്തിയ "മന്ത്രിസ്ഥാനത്ത് കെ.എം മാണി തുടരുന്നത് ജനങ്ങളിൽ ഭീതിയുണ്ടാക്കുമെന്ന" കോടതിയുടെ പരാമർശം പുറത്തുവന്നതോടെ അദ്ദേഹത്തിന്റെ രാജിക്ക് സമ്മർദ്ദമേറി. സീസറിന്റെ ഭാര്യ സംശയങ്ങൾക്ക് അതീതയായിരിക്കണമെന്നായിരുന്നു കോടതി പരാമർശം. കേസിലെ പ്രതികൂല കോടതിവിധിയെ തുടർന്ന് 2015 നവംബര്‍ 15 രാത്രി 8.10ന് കെ എം മാണി മന്ത്രി സ്ഥാനം രാജിവെച്ചു. അദ്ദേഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനും രാജി നൽകി. എന്നാല്‍ പതിവു പോലെ 2016 മെയ് 16ന് നടന്ന കേരള നിയമ തെരഞ്ഞെടുപ്പില്‍ കെ എം മാണി പാലയില്‍ നിന്നും പിന്നെയും ജയിച്ചു. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ആദ്യഘട്ടത്തില്‍ പ്രചാരണ രംഗത്തുണ്ടായിരുന്നെങ്കിലും പിന്നീട് ചികിത്സക്കായി ആശുപത്രിയിലേക്ക് മടങ്ങി.
Last Updated : Apr 9, 2019, 6:46 PM IST

ABOUT THE AUTHOR

...view details