കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേല്‍ ളാലം ബ്ലോക്ക് ഡെവലപ്മെന്‍റ് ഓഫീസര്‍ക്ക് മുമ്പില്‍ പത്രിക സമര്‍പ്പിച്ചു. പാര്‍ട്ടി സ്ഥാനാര്‍ഥിയെന്ന നിലയിലും സ്വതന്ത്രനെന്ന നിലയിലും രണ്ട് തരത്തിലുള്ള പത്രികകളാണ് ജോസ് ടോം സമര്‍പ്പിച്ചത്. രണ്ടില ചിഹ്നം നല്‍കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ. മാണിയുടെ കത്ത് സഹിതമാണ് ആദ്യ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. പൈനാപ്പിള്‍, ഫുട്ബോള്‍, ടോര്‍ച്ച് തുടങ്ങിയ ചിഹ്നങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് മറ്റ് രണ്ട് സെറ്റ് പത്രികകളും സമര്‍പ്പിച്ചു.
യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു - Jose Tom
പാലായിലെ യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേല്‍ ളാലം ബ്ലോക്ക് ഡെവലപ്മെന്‍റ് ഓഫീസര്‍ക്ക് മുന്നില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
രാവിലെ 9.20 ന് കെ.എം മാണിയുടെ ഛായാചിത്രത്തിന് മുന്നിൽ ആദരാജ്ഞലികൾ അർപ്പിച്ചുകൊണ്ടാണ് ജോസ് ടോം നാമനിർദേശ പത്രികയിൽ ഒപ്പ് വച്ചത്. തുടർന്ന് കെ.എം മാണിയുടെ കല്ലറയിലെത്തി പ്രാര്‍ഥിച്ച ശേഷം മാണിയുടെ വീട്ടിലെത്തിയാണ് പാർട്ടി നേതൃത്വം തയ്യാറാക്കിയ നാമനിർദേശ പത്രിക കൈപ്പറ്റിയത്. പത്രിക സമര്‍പ്പിക്കാന്‍ ജോസ് കെ. മാണിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഒപ്പമുണ്ടായിരുന്നു. വിജയം മാത്രമാണ് മുന്നിലെന്നും യുഡിഎഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും തിരുവഞ്ചുർ രാധാകൃഷ്ണൻ വ്യക്തമാക്കി.