കോട്ടയം: അപ്രതീക്ഷിത സ്ഥാനാർഥി പ്രഖ്യാപനത്തിലൂടെ പാലാ ഉപതെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗം അവതരിപ്പിച്ച ജോസ് ടോം പുലിക്കുന്നേല്‍ ദീര്‍ഘകാലത്തെ രാഷ്ട്രീയ പ്രവര്‍ത്തനം കൊണ്ട് പാലായുടെ സാമൂഹ്യരംഗത്ത് ശ്രദ്ധേയസാന്നിധ്യമാണ്. നിലവിൽ കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായ അഡ്വ. ജോസ് ടോം പുലിക്കുന്നേല്‍ 1969 ല്‍ കേരളാ കോൺഗ്രസിന്‍റെ വിദ്യാർഥി പ്രസ്ഥാനമായ കെഎസ്‌സിയിലൂടെയാണ് രാഷ്ട്രിയ രംഗത്തേക്ക് കടന്നു വന്നത്.
മാണിയുടെ കളരിയില്‍ പയറ്റിത്തെളിഞ്ഞ ജോസ് ടോം; ഒരു മുഴം നീട്ടിയെറിഞ്ഞ് ജോസ് കെ മാണി
പാർട്ടി പ്രവർത്തകരുടെ വികാരം ഉൾക്കൊണ്ട് സ്ഥാനാർഥിയെ തീരുമാനിച്ച ജോസ് കെ മാണി ഇക്കാര്യത്തില്‍ രാഷ്ട്രീയ ജാഗ്രതയും അടവും പുറത്തെടുത്തു. പിജെ ജോസഫിനെ അനുനയിപ്പിച്ചതും യുഡിഎഫ് നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതും ജോസ് കെ മാണിക്ക് നേട്ടമായി
കെഎം മാണിയുടെ രാഷ്ട്രീയ കളരിയില്‍ പയറ്റിത്തെളിഞ്ഞ ജോസ് ടോം അപ്രതീക്ഷിത സ്ഥാനാർഥിയായാണ് പാലായില്‍ മത്സരിക്കുന്നത്. പാർട്ടി പ്രവർത്തകരുടെ വികാരം ഉൾക്കൊണ്ട് സ്ഥാനാർഥിയെ തീരുമാനിച്ച ജോസ് കെ മാണി ഇക്കാര്യത്തില്‍ രാഷ്ട്രീയ ജാഗ്രതയും അടവും പുറത്തെടുത്തു. മാണി കുടുംബത്തില്‍ നിന്ന് ആരും മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച ജോസ് കെ മാണി കേരള കോൺഗ്രസിലെ ഭിന്നതകൾക്ക് ബദലായാണ് ജോസ് ടോമിനെ സ്ഥാനാർഥിയായി തീരുമാനിച്ചത്. നിഷ ജോസിനെ സ്ഥാനാർഥിയായി അംഗീകരിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നിന്ന പിജെ ജോസഫിനെ അനുനയിപ്പിച്ചതും യുഡിഎഫ് നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതും ജോസ് കെ മാണിക്ക് നേട്ടമായി.
കാലടി കോളജില്‍ നിന്നും എംകോം പാസ്സായ ജോസ് ടോം തിരുവനന്തപുരം ലോ കോളജില്‍ നിന്നും നിയമപഠനവും പൂര്‍ത്തിയാക്കി. 1991ല്‍ കോട്ടയം ജില്ലാ കൗണ്‍സിലില്‍ പാലാ ഡിവിഷനെ പ്രതിനിധീകരിച്ചു. 1984 മുതല്‍ 1992 വരെ എംജി യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പറായും പ്രവർത്തിച്ചു. ഗ്രാമപഞ്ചായത്ത് അംഗം, മീനച്ചില്‍ സര്‍വ്വീസ് സഹകരണ ബാങ്ക്, കോട്ടയം ജില്ലാ സഹകണ ബാങ്ക് ഭരണസമിതി അംഗം എന്നീ നിലകളില്‍ പാലായുടെ പൊതുരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച നേതാവാണ് ജോസ് ടോം. പാലായിൽ തിരഞ്ഞെടുക്കപ്പെട്ട കെ എം മാണിയുടെ പിൻതുടർച്ചക്കാരനാകാനാണ് ആഗ്രഹിക്കുന്നതെന്ന് ജോസ് ടോം വ്യക്തമാക്കി.