കോട്ടയം: ചെയർമാൻ തെരഞ്ഞെടുപ്പ് വിഷയത്തിൽ ജോണി നെല്ലൂർ നടത്തിയ പക്ഷം പിടിച്ചുള്ള അഭിപ്രായപ്രകടനം കേരള കോൺഗ്രസിന്‍റെ ആഭ്യന്തര കാര്യത്തിലുള്ള കൈകടത്തലാണെന്ന് ജോസ് കെ മാണി പക്ഷം.
കേരള കോൺഗ്രസ് ജേക്കബ് ഗ്രൂപ്പ് ചെയർമാൻ ജോണി നെല്ലൂരിന്‍റെ പ്രസ്താവനകൾ ഐക്യ ജനാധിപത്യ മുന്നണിയുടെ സെക്രട്ടറി എന്ന നിലയിൽ അപക്വവും പക്ഷപാതപരവുമാണെന്നാണ് ജോസ് വിഭാഗം പറയുന്നത്. ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും ജോസ് കെ മാണി പക്ഷം ആരോപിച്ചു.
ജോണി നെല്ലൂരിനെതിരെ പ്രതിഷേധവുമായി ജോസ് കെ മാണി വിഭാഗം
ജോണി നെല്ലൂരിന്‍റെ അഭിപ്രായപ്രകടനങ്ങൾ അപക്വവും പക്ഷപാതപരവുമാണെന്നും കേരള കോൺഗ്രസിന്‍റെ ആഭ്യന്തര കാര്യത്തിലുള്ള കൈകടത്തലാണെന്ന് ജോസ് വിഭാഗം
വീട്ടുകാര്യങ്ങളിൽ തോട്ടക്കാരൻ അഭിപ്രായം പറയുന്ന പോലെയാണ് കേരളാ കോൺഗ്രസ് വിഷയത്തിൽ ജോണി നെല്ലൂരിന്‍റെ അഭിപ്രായപ്രകടനങ്ങളെന്ന് കേരളാ കോൺഗ്രസ് യൂത്ത്ഫ്രണ്ട് സംസ്ഥാന അധ്യക്ഷൻ സാജൻ തൊടുക പത്രക്കുറിപ്പിലൂടെ പ്രതികരിച്ചിരുന്നു. ജോസ് കെ മാണിയും കേരള കോൺഗ്രസ് എം നേതൃത്വവും പ്രശ്നപരിഹാരത്തിനും സമവായത്തിനുമായി വിട്ടുവീഴ്ച ചെയ്തു. എങ്കിലും ഏകപക്ഷീയമായ തീരുമാനങ്ങളോടെ പാർട്ടിയിലെ ജോസഫ് വിഭാഗം മുന്നോട്ട് പോയതാണ് ഇന്നത്തെ പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം യുഡിഎഫ് നേതൃത്വവുമായി നടത്തിയ ചർച്ചയിൽ പാർട്ടി ചെയർമാൻ ജോസ് കെ മാണി ഇക്കാര്യം കോൺഗ്രസ് ലീഗ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കേരള കോൺഗ്രസ് നേതൃത്വവുമായി ചർച്ച നടത്തുന്നതിന് യുഡിഎഫ് നേതൃത്വം ജോണി നെല്ലൂരിനെ ഒഴിവാക്കിയതിലുള്ള അസഹിഷ്ണുതയാണ് ഇപ്പോഴത്തെ പ്രസ്താവനക്ക് കാരണമെന്ന് സംശയിക്കുന്നതായും യൂത്ത് ഫ്രണ്ട് സംസ്ഥാന അധ്യക്ഷൻ സാജൻ തൊടുക പറയുന്നു.