കോട്ടയം:ഇടതുമുന്നണി പ്രവേശനം സംബന്ധിച്ച ചർച്ചകൾ കേരള കോൺഗ്രസ് എം ഊർജിതമാക്കുന്നതിനിടെ ജോസ് കെ.മാണി രാജ്യസഭാംഗത്വം രാജിവച്ചേക്കുമെന്ന് സൂചനകൾ. ഇടതുമുന്നണി പ്രവേശത്തിന്‍റെ മുന്നോടിയായാണ് ജോസ് കെ മാണിയുടെ രാജിയെന്നാണ് വിവരം. ജോസ് കെ മാണിയുടെ കഴിഞ്ഞ ദിവസത്തെ ഡൽഹി യാത്ര ഇതിന്‍റെ ചുവട് പിടിച്ചാണെന്നും സൂചനകളുണ്ട്.
ജോസ് കെ.മാണി രാജ്യസഭാംഗത്വം രാജിവച്ചേക്കുമെന്ന് സൂചന
ജോസ് കെ മാണി പക്ഷത്തെ ഒപ്പം കൂട്ടുന്നതുമായി ബന്ധപ്പെട്ട് സി.പി.എം, സി.പി.ഐ ഉഭയകക്ഷി യോഗത്തിൽ ജോസ് പക്ഷത്തിനനുകൂലമായി സി.പി.ഐയും നിലപാട് മയപ്പെടുത്തിയിരുന്നു
സ്വതന്ത്ര നിലപാട് തുടരുന്ന കേരളാ കോൺഗ്രസ് എം ഏറ്റവും അടുത്ത ദിവസങ്ങളിൽ തന്നെ മുന്നണി പ്രവേശനം സംബന്ധിച്ച വിഷയങ്ങളിൽ അന്തിമ തീരുമാനത്തിലെത്തുമെന്ന് എൻ.ജയരാജ് എം.എൽ.എ വ്യക്തമാക്കിയിരുന്നു. ജോസ് കെ മാണി പക്ഷത്തെ ഒപ്പം കൂട്ടുന്നതുമായി ബന്ധപ്പെട്ട് സി.പി.എം, സി.പി.ഐ ഉഭയകക്ഷി യോഗത്തിൽ ജോസ് പക്ഷത്തിനനുകൂലമായി സി.പി.ഐയും നിലപാട് മയപ്പെടുത്തിയിരുന്നു. ഇതോടെ ആദ്യഘട്ടത്തിൽ യു.ഡി.എഫിൽ നിന്നും ലഭിച്ച രാജ്യസഭാംഗത്വം രാജിവച്ച് എൽ.ഡി.എഫിനൊപ്പം ചേരാനാണ് ജോസ് കെ മാണി ലക്ഷ്യം വയ്ക്കുന്നത്. എന്നാൽ രാജ്യസഭാ സീറ്റ് ജോസ് കെ മാണി രാജിവയ്ക്കുമെന്ന വാർത്ത വാസ്തവ വിരുദ്ധമാണന്നും നിലവിൽ അത്തരത്തിലൊരു സാഹചര്യം നിലവിലില്ലന്നും ചൂണ്ടിക്കാട്ടി റോഷി അഗസ്റ്റിൻ എം.എൽ.എ രംഗത്തെത്തി.
കോട്ടയത്ത് ചേരുന്ന സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ പുതിയ വിവാദങ്ങളടക്കം ചർച്ച ചെയ്ത് അന്തിമ തീരുമാനത്തിലെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ജോസ് കെ മാണി. അതേ സമയം യു.ഡി.എഫ് ജോസ് കെ മാണിയുമായി ധാരണയിലെത്താനുള്ള ശ്രമം തുടരുന്നതായും സൂചനയുണ്ട്. പാർട്ടി ചിഹ്നവും അധികാരങ്ങളും ലഭിച്ച ശേഷം ചേരുന്ന ആദ്യ സ്റ്റിയറിങ് കമ്മറ്റി യോഗത്തിൽ പി.ജെ ജോസഫിനും കൂട്ടർക്കുമെതിരായ പുതിയ കരുനീക്കങ്ങൾക്കൊപ്പം തന്നെ മുന്നണി പ്രവേശനവും സുപ്രധാന ചർച്ചയാകുമെന്ന് ഉറപ്പാണ്.