ജോസ് കെ.മാണി ഇടതുമുന്നണിയില്‍; എംപി സ്ഥാനം രാജിവച്ചു
11:05 October 14
യുഡിഎഫില്‍ നിന്നും നേരിട്ടത് കടുത്ത അനീതിയെന്ന് ജോസ് കെ.മാണി
കോട്ടയം: ഏറെ കാലത്തെ രാഷ്ട്രീയ ആശങ്കകൾക്ക് വിരാമിട്ട് രാഷ്ട്രീയ നയം പ്രഖ്യാപിച്ച് കേരള കോൺഗ്രസ് എം നേതാവ് ജോസ്.കെ മാണി. ഇനി ഇടത് ജനാധിപത്യ മുന്നണിയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ജോസ്.കെ മാണി വാർത്ത സമ്മേളനത്തില്‍ അറിയിച്ചു. യുഡിഎഫില്‍ നിന്നും നേരിട്ടത് കടുത്ത അനീതിയെന്നും ധാര്‍മികതയുടെ പേരില്‍ രാജ്യസഭ എംപി സ്ഥാനം രാജി വെക്കുന്നതായും ജോസ് കെ.മാണി പറഞ്ഞു. വളര്‍ന്ന് വരുന്ന വര്‍ഗീയ ശക്തികള്‍ക്കെതിരെ മതേതരത്വം കാത്തു സൂക്ഷിക്കാന്‍ ഇടതുപക്ഷത്തിന് കഴിയുമെന്നും ജോസ് കെ.മാണി കൂട്ടിച്ചേർത്തു. ജൂണ്‍ 29നാണ് കേരളാ കോണ്‍ഗ്രസ് (എം) യുഡിഎഫില്‍ നിന്നും പുറത്തായത്. അന്ന് മുതല്‍ സ്വതന്ത്ര നിലപാടായിരുന്നു സ്വീകരിച്ചത്. 38 വര്‍ഷം യുഡിഎഫിന്‍റെ രൂപീകരണത്തിലടക്കം ഒപ്പം നിന്ന കെ.എം മാണിയെ യുഡിഎഫ് അപമാനിച്ചുവെന്നും ജോസ് കെ.മാണി ആരോപിച്ചു. കെ.എം മാണിയാണ് യുഡിഎഫിനെ ഉയര്‍ത്തിയത്. ആത്മാഭിമാനം അടിയറവെച്ച് മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും ജോസ് കെ.മാണി പറഞ്ഞു.
കോൺഗ്രസിലെ ചില നേതാക്കൾ കേരളാ കോൺഗ്രസിന്‍റെ മുഖ്യ ശത്രുക്കളാണന്ന കെ.എം. മാണിയുടെ വാക്കുകൾ ഇപ്പേഴും പ്രസക്തമാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉപാധികളില്ലാതെയാണ് ഇടത് മുന്നണിക്കൊപ്പം ചേരുന്നതെന്നും സീറ്റുകൾ സംബന്ധിച്ച ചർച്ചകൾ നടത്തിയിട്ടില്ലെന്നും ജോസ് കെ. മാണി വ്യക്തമാക്കി. പാലായിൽ വിളിച്ചു ചേർത്ത സ്റ്റിയറിങ് കമ്മറ്റി യോഗത്തെ തുടര്‍ന്ന് കെ.എം. മാണിയുടെ കല്ലറയിലെത്തി പ്രാർഥിച്ച ശേഷമാണ് ജോസ് കെ. മാണി രാഷ്ട്രീയ നിലപാട് പ്രഖ്യാപനത്തിനായി കോട്ടയത്തെ കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മറ്റി ഓഫീസിലേക്ക് എത്തിയത്.