കാരുണ്യ ചികിത്സാ പദ്ധതി നിര്‍ത്തലാക്കരുതെന്ന് ജോസ് കെ മാണി
കാരുണ്യ ചികിത്സാ പദ്ധതി ഇന്ന് അവസാനിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനം
കോട്ടയം: ലക്ഷകണക്കിന് രോഗികള്‍ക്ക് ആശ്വാസമേകിയ കാരുണ്യ ചികിത്സാ പദ്ധതി നിര്‍ത്തലാക്കാന്‍ പാടില്ലെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. സംസ്ഥാന ഖജനാവിന് ഒരു രൂപ പോലും സാമ്പത്തിക ബാധ്യത ഉണ്ടാക്കാത്ത ഈ ജനകീയ പദ്ധതി നിര്‍ത്തലാക്കുന്നതിന്‍റെ പിന്നിലെ താൽപര്യം എന്താണന്ന് വ്യക്തമാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നിസ്സഹായരായ ആയിരകണക്കിന് നിർദ്ധന രോഗികള്‍ക്ക് ആശ്വാസമേകിയ പദ്ധതി യുഡിഎഫ് ഗവണ്‍മെന്‍റ് കാലത്തെ അതേ മാതൃകയില്‍ തന്നെ തുടരാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു. ഇന്‍ഷുറന്‍സ് കമ്പനികളുടെ കടുത്ത നിബന്ധനകള്‍ കാരണം സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ പാവപ്പെട്ട രോഗികള്‍ക്ക് ഉപകാരപ്പെടാത്ത സ്ഥിതിയുണ്ടാകുമെന്നും ജോസ് കെ മാണി പറഞ്ഞു. പദ്ധതി അവസാനിപ്പിക്കാനുള്ള സർക്കാർ നീക്കം പിന്‍വലിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കേരളാ കോണ്‍ഗ്രസ് (എം) എംഎല്‍എമാരായ റോഷി അഗസ്റ്റിനും, ഡോ. എന്‍ ജയരാജും ജൂലൈ ഒന്നിന് സെക്രട്ടേറിയേറ്റിന് മുന്നില്‍ ഉപവസിക്കും. ഉപവാസ സമരത്തിന് കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന ഭാരവാഹികള്‍ നേതൃത്വം നല്‍കും. കാരുണ്യ ചികിത്സാ പദ്ധതി ഇന്ന് അവസാനിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.