കോട്ടയം : കണമലയില്‍ എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റ് കൂടിയായ ജില്ല കലക്‌ടറുടെ ഉത്തരവ് നടപ്പാക്കി ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ വെടിവച്ചുകൊല്ലണമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. ഉത്തരവ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വനം വകുപ്പിനും പൊലീസിനും ആശയക്കുഴപ്പമുണ്ടായത് ശരിയല്ല. റവന്യൂ ഭൂമിയിലെ ദുരന്ത നിവാരണത്തിന്‍റെ പരിപൂര്‍ണമായ അധികാരം കലക്‌ടര്‍ക്കാണ്. ഭാവിയില്‍ ഇത്തരം ദുരന്തങ്ങളുണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികള്‍ നിര്‍ദേശിക്കാന്‍ സര്‍ക്കാര്‍ ഉന്നതതല സമിതി രൂപീകരിക്കണം. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കണമെന്ന നിലപാടാണ് ക്രൈസ്‌തവ സഭാനേതൃത്വം എല്ലാകാലത്തും സ്വീകരിച്ചിട്ടുള്ളത്.
എരുമേലി കണമലയില്‍ രണ്ട് പേരെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടുപോത്തിനെ വെടിവച്ച് കൊല്ലാനുള്ള കലക്‌ടറുടെ ഉത്തരവ് വനം വകുപ്പ് തള്ളിയതിന് പിന്നാലെയാണ് ജോസ് കെ മാണി പ്രതികരണവുമായി രംഗത്തെത്തിയത്. അക്രമകാരികളായ വന്യജീവികളെ വെടിവയ്‌ക്കുന്നതിനായി സിആർപിസി വകുപ്പ് പ്രകാരം ഉത്തരവിറക്കാന്‍ ജില്ല കലക്‌ടര്‍ക്ക് അധികാരമില്ലെന്നും ഇതിനായി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍റെ പ്രത്യേക അനുമതി വേണമെന്നും ചൂണ്ടിക്കാട്ടിയാണ് വനം വകുപ്പിന്‍റെ നടപടി. അതേസമയം രണ്ട് പേരുടെ ജീവനെടുത്ത കാട്ടുപോത്ത് ജനവാസ മേഖലയിലെത്തിയാല്‍ മയക്കുവെടി വച്ച് പിടികൂടാന്‍ വനം വകുപ്പ് തീരുമാനിച്ചു.
എരുമേലി കണമലയിൽ കഴിഞ്ഞ ദിവസമാണ് കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ രണ്ട് വയോധികര്‍ക്ക് ജീവൻ നഷ്‌ടമായത്. എരുമേലി സ്വദേശികളായ ചാക്കോച്ചന്‍, തോമസ് എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് ആക്രമണകാരിയായ കാട്ടുപോത്തിനെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
പ്രദേശവാസികളായ ജനങ്ങൾ പ്രതിഷേധം കടുപ്പിച്ചതോടെ ജില്ല കലക്‌ടര്‍ പി കെ ജയശ്രീ ഐഎഎസ് കാട്ടുപോത്തിനെ വെടിവച്ച് കൊല്ലാന്‍ ഉത്തരവിട്ടു. ഇതിന് പിന്നാലെയാണ് വന്യജീവികളെ വെടിവച്ച് കൊല്ലുന്നതിന് നിയമ തടസങ്ങളുണ്ടെന്നറിയിച്ച് വനം വകുപ്പ് രംഗത്തത്തിയത്. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കി.