കോട്ടയം:പാലാ ഉപതെരഞ്ഞെടുപ്പ് പരാജയത്തിലെ യഥാർഥ വില്ലൻ പി.ജെ ജോസഫ് ആണന്ന യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോമിന്‍റെ പ്രതികരണമാണ് ജോസഫ് വിഭാഗം നേതാക്കളെ ചൊടിപ്പിച്ചത്. ജോസ് ടോമിന്‍റെ വാക്കുകളും ജോസ് കെ മാണിയുടെ ദാഷ്ട്യവുമാണ് പാലാ ഉപതെരഞ്ഞെടുപ്പിലെ പ്രധാന പരാജയ കാരണമെന്ന് പി.ജെ ജോസഫ് വിഭാഗം കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പൻ ആവർത്തിക്കുന്നു.
കെ എം മാണിക്കൊപ്പം അടിയുറച്ച് നിന്നിരുന്ന മുതിർന്ന നേതാക്കളെ അവഗണിച്ച് ജോസ് കെ മാണി മുമ്പോട്ട് പോയതും പരാജയത്തിന് മുഖ്യ ഘടകമായി. തെരഞ്ഞെടുപ്പിൽ ചിഹ്നത്തിലടക്കം അനുകൂല നിലപാട് പി.ജെ ജോസഫ് സ്വീകരിച്ചപ്പോഴും ജോസ് വിഭാഗത്തിലെ ഒരു കൂട്ടം നേതാക്കൾ ഇതിനെ എതിർത്തു. ചിഹ്നം അവശ്യപ്പെട്ട് ഒരു നേതാവ് പോലും ജോസഫിനെ സമീപിച്ചില്ലന്നും പി.ജെ ജോസഫിനെ നേരിൽ കാണാനുള്ള സ്ഥാനാർഥിയുടെ ശ്രമങ്ങൾക്ക് തടയിടുകയാണ് ജോസ് വിഭാഗം നേതാക്കൾ ചെയ്തെന്നും പി.ജെ ജോസഫിനെ ഒപ്പം നിർത്താൻ ശ്രമിച്ചില്ലന്നും സജി മഞ്ഞക്കടമ്പൻ ആരോപിക്കുന്നു.
വളഞ്ഞ വഴിയിലൂടെ ചിഹ്നം തട്ടിയെടുക്കാൻ ആണ് ജോസ് പക്ഷം ശ്രമിച്ചത്. അതിനെ പ്രതീകൂലിക്കാൻ മാത്രം ആണ് മറ്റൊരു സ്ഥാനാർഥിയെ രംഗത്തിറക്കിയതെന്നും സജി മഞ്ഞക്കടമ്പൻ വ്യക്തമാക്കുന്നു. ജോസഫ് വിഭാഗത്തെ പൂർണമായും ഒഴിവാക്കി നിറുത്തിയുള്ള പ്രചരണമാണ് പാലായിൽ ജോസ് വിഭാഗം ആസൂത്രണം ചെയ്യ്തതെന്നും പി.ജെ ജോസഫിനെ കൂകി വിളിച്ച സംഭവത്തിൽ നാളിതുവരെ ഖേദപ്രകടനം ജോസ് കെ മാണി നടത്തിയിട്ടില്ല. പാലായിലെ വിജയം ഇടതുപക്ഷ മുന്നണിയുടെ ഭരണത്തിനുള്ള അംഗികാരമാണന്ന എൽ.ഡി.എഫ് വാദം പൊള്ളയാണെന്നും ജോസ് ടോം ജയിച്ചിരുന്നുവെങ്കിൽ അദ്ദേഹം കേരളാ കോൺഗ്രസ് എം.എൽ.എ ആകില്ലായിരുന്നു എന്നും സജി മഞ്ഞക്കടമ്പ് കോട്ടയത്ത് പറഞ്ഞു.
കെ.എം മാണിയുടെ പിന്തുടര്‍ച്ചക്കാരനും പാർട്ടിയെ ഒറ്റക്കെട്ടായി കൊണ്ടുപോകെണ്ടതും ജോസ് കെ മാണിയാണന്നവർത്തിച്ച സജി മഞ്ഞക്കടമ്പൻ പാർട്ടിയിലെ മുതിർന്ന നേതാക്കളെ അംഗികരിക്കനും അർഹമായ പരിഗണന നൽകാൻ തയ്യാറായാലും ജോസ് കെ മാണിക്കായി ഇനിയും ജയ് വിളിക്കുമെന്നും വ്യക്തമാക്കി.
പാലാ തോൽവിക്ക് കാരണം ജോസ് ടോമിന്റെ വാക്കും ജോസ് കെ മാണിയുടെ ദാഷ്ട്യവുമെന്ന് സജി മഞ്ഞക്കടമ്പൻ