കേരളം

kerala

ETV Bharat / state

പാലാ ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ആരംഭിക്കണമെന്ന് ആവശ്യം - Jason

വര്‍ധിച്ച് വരുന്ന വൃക്കരോഗികളെ സഹായിക്കുന്നതിനാണ് പാലാ ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനായി പണം അനുവദിച്ചത്

ഡയാലിസിസ് യൂണിറ്റ് ജെയ്‌സണ്‍ മാന്തോട്ടം വൃക്കരോഗി പാലാ ജനറല്‍ ആശുപത്രി നെഫ്രോളജി യൂണിറ്റ് Jason dialysis unit
ഡയാലിസിസ് യൂണിറ്റ് ആരംഭിക്കാന്‍ നടപടി വേണമെന്ന് ജെയ്‌സണ്‍ മാന്തോട്ടം

By

Published : Apr 16, 2020, 10:51 PM IST

കോട്ടയം: നെഫ്രോളജി യൂണിറ്റിനായുള്ള എട്ട് കോടിയുടെ കെട്ടിടം പൂര്‍ത്തിയായിട്ട് വര്‍ഷങ്ങളായി. ഇവിടേക്കുള്ള പത്ത് ഡയാലിസിസ് മെഷീനുകള്‍ ഒരു വര്‍ഷത്തിലധികമായി ആശുപത്രിയില്‍ ഉണ്ട്. ഈ കെട്ടിടത്തില്‍ വൈദ്യുതി ലഭിച്ചിട്ടില്ല. 90 ശതമാനം വൈദ്യുതീകരണം പൂര്‍ത്തിയാക്കിയിട്ടുമുണ്ട്. അവസാന മിനിക്കുപണികളും അനുമതിയും ലഭിച്ചാല്‍ ഈ പത്ത് ഡയാലിസിസ് മെഷീനുകളും പ്രവര്‍ത്തിപ്പിക്കാം. പരിചയസമ്പന്നനായ ഡോക്ടറും ഇവിടെ ഉണ്ട്. കൊവിഡ് 19നെ തുടര്‍ന്ന് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമായിരുന്ന വൃക്കരോഗ ചികിത്സാ സൗകര്യങ്ങളില്‍ നിയന്ത്രണങ്ങള്‍ മൂലം തുടര്‍ ചികിത്സ ഇല്ലാതായത് നിരവധി രോഗികളെ കഷ്ടത്തിലാക്കിയിരിക്കുന്നതായി ജയ്‌സണ്‍ മാന്തോട്ടം ചൂണ്ടിക്കാട്ടി. ആവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കി പത്ത് ഡയാലിസിസ് യൂണിറ്റുകളും പ്രവര്‍ത്തനസജ്ജമാക്കി രോഗികളെ സഹായിക്കണമെന്ന് ജയ്‌സണ്‍ മാന്തോട്ടം ആവശ്യപ്പെട്ടു.

ആശുപത്രി സന്ദര്‍ശിച്ച ജോസ്.കെ.മാണിയോട് ഇക്കാര്യങ്ങളില്‍ നടപടിയുണ്ടാകാന്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആരോഗ്യ വകുപ്പുമായി എത്രയും വേഗം ബന്ധപ്പെട്ട് ഇതിനായുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ആശുപത്രി സന്ദര്‍ശിച്ച ജോസ്.കെ.മാണി എം.പി പറഞ്ഞു. നഗരസഭയുടെ ഭാഗത്തു നിന്നും എല്ലാ വിധ സഹകരണവും ഉണ്ടാകുമെന്ന് നഗരസഭ അദ്ധ്യക്ഷ മേരി ഡോമിനിക്കും വാര്‍ഡ് കൗണ്‍സിലറും മുന്‍ നഗരസഭാധ്യക്ഷയുമായ ബിജി ജോജോയും പറഞ്ഞു. അന്തരിച്ച മുന്‍ ധനകാര്യമന്ത്രിയും എംഎല്‍എയുമായിരുന്ന കെ.എം.മാണി തന്‍റെ ആസ്തി വികസന നിധിയില്‍ നിന്നും രോഗനിര്‍ണ്ണയ കേന്ദ്രത്തിനായി കെട്ടിടം നിര്‍മ്മിക്കുന്നതിനും ഉപകരണങ്ങള്‍ക്കുമായി 9.75 കോടി രൂപ അനുവദിച്ചു. കെട്ടിടം പണി നാല് വര്‍ഷം മുമ്പേ പൂര്‍ത്തിയാക്കി ആരോഗ്യ വകുപ്പിന് കൈമാറി. ബാക്കി നില്‍ക്കുന്ന 5.50 കോടി രൂപയ്ക്കായി പ്രൊജക്ട് റിപ്പോര്‍ട്ട് പ്രകാരമുള്ള ഉപകരണങ്ങള്‍ വാങ്ങുവാന്‍ ആശുപത്രി അധികൃതര്‍ നിരവധി കത്തുകള്‍ അയച്ചുവെങ്കിലും തുടര്‍ നടപടി ഉണ്ടായില്ല.

ABOUT THE AUTHOR

...view details