കോട്ടയം:സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് മാസങ്ങളായി അടഞ്ഞുകിടന്ന ഇന്ത്യാര്‍ റബ്ബര്‍ ഫാക്ടറി തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു. പാലാ മാര്‍ക്കറ്റിങ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ ചേര്‍പ്പുങ്കലുള്ളഫാക്ടറിയാണ് തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചത്.കഴിഞ്ഞ അഞ്ച് മാസമായി ഫാക്ടറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ശമ്പളത്തില്‍ കുറവ് വരുത്താന്‍ തൊഴിലാളികള്‍ തയാറായിട്ടുണ്ട്. മൂന്ന് മാസത്തേക്ക് ശമ്പളത്തില്‍ 400 രൂപയുടെ കുറവ് വരുത്തും. അതിനുശേഷം സ്ഥിതി മെച്ചപ്പെടുന്നതോടെ പഴയ ശമ്പളം നല്‍കും.
ഇന്ത്യാര്‍ റബ്ബര്‍ ഫാക്ടറി വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു ഫെബ്രുവരിയിലാണ് ഫാക്‌ടറി പൂട്ടിയത്. ജനുവരി മാസത്തിലെ ശമ്പളവും തൊഴിലാളികള്‍ക്ക് ലഭിച്ചിരുന്നില്ല. ജനുവരി മാസത്തിലെ ശമ്പളത്തില്‍ 5000 രൂപ വീതം ഇന്ന് തൊഴിലാളികള്‍ക്ക് നല്‍കും. ഇന്ന് മുതല്‍ ഒരു ഷിഫ്‌റ്റിലാണ് പ്രവര്‍ത്തനം. കൂടുതല്‍ ഒട്ടുപാല്‍ എത്തുന്നതോടെ രണ്ട് ഷിഫ്റ്റ് ആരംഭിക്കും. 1973ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഫാക്ടറിയില്‍ 80ഓളം തൊഴിലാളികളാണ് ജോലി ചെയ്തിരുന്നത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നിര്‍ത്തിവച്ച ഫാക്ടറിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിന് മാനേജ്‌മെന്‍റും തൊഴിലാളി യൂണിയനുകളുമായി നിരവധി തവണ ചര്‍ച്ച നടത്തിയിരുന്നു. ഫാക്ടറി തുറന്നതോടെ ഇന്നുമുതല്‍ കര്‍ഷകരില്‍ നിന്നും നേരിട്ട് ഒട്ടുപാല്‍ സംഭരിക്കും. മാനേജ്‌മെന്‍റിനെ പ്രതിനിധീകരിച്ച് പ്രസിഡന്‍റ് കെ.ടി ജോസഫ് കളരുപാറ, വൈസ് പ്രസിഡന്‍റ് സണ്ണി പൊരുന്നക്കോട്ട്, അഡ്വ. ജോസഫ് മണ്ഡപം, എമ്മാനുവേല്‍ കോലടി, അഡ്വ. അനില്‍ മാധവപ്പള്ളി, രാജേഷ് വാളിപ്ലാക്കല്‍, പി.കെ. മോഹനചന്ദ്രന്‍, ജയിംസ് ജീരകത്തില്‍, അഡ്വ. സണ്ണി മാന്തറ, മിനി സാവിയൊ, അന്നക്കുട്ടി ജയിംസ്, ലാലി മൈക്കിള്‍, സെക്രട്ടറി റോസിലി തോമസ് തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.