കോട്ടയം:അയിത്തത്തിനെതിരെ നടന്ന വൈക്കം സത്യാഗ്രഹം ദേശീയ ശ്രദ്ധ നേടിയ പ്രക്ഷോഭമായിരുന്നു. വഴി നടക്കാനുള്ള സ്വാതന്ത്യത്തിന് വേണ്ടി നടന്ന പ്രക്ഷോഭത്തിന്റെ നായകത്വം വഹിച്ചത് മഹാത്മ ഗാന്ധിയും. 1924 മാർച്ച് 30ന് ആരംഭിച്ച വൈക്കം പ്രക്ഷോഭം 1925 നവംബർ 23നാണ് അവസാനിക്കുന്നത്. അവർണക്ക് സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഗാന്ധിജി ഇണ്ടംതുരുത്തി മനയിലെ നീലകണ്ഠൻ നമ്പൂതിരിയുമായി കൂടിക്കാഴ്ച നടത്തിയ മന ഇന്ന് ചരിത്ര സ്മാരകമായി സംരക്ഷിച്ചുപോരുന്നു.
വൈശ്യനായ ഗാന്ധിജിയെ മനയ്ക്കുള്ളിൽ പ്രവേശിപ്പിക്കാൻ സവർണ മനോഭാവമുള്ള നീലകണ്ഠൻ നമ്പൂതിരി അന്ന് തയാറായില്ല. അതുകൊണ്ടുതന്നെ സംഭാഷണത്തിനെത്തിയ ഗാന്ധിജിയെ മനയ്ക്ക് പുറത്ത് ഇരുത്തിയാണ് അദ്ദേഹം സംസാരിച്ചത്. ഇതിനായി മനയുടെ വെളിയിൽ പ്രത്യേക പന്തൽ തയാറാക്കിയിരുന്നു. മാത്രമല്ല, വൈക്കം മഹാദേവ ക്ഷേത്രത്തിനു ചുറ്റുമുള്ള വഴികളിലൂടെ അവർണർക്ക് വഴി നടക്കാൻ അനുവദിക്കണമെന്ന ഗാന്ധിജിയുടെ ആവശ്യവും നമ്പൂതിരി അംഗീകരിച്ചില്ല. തുടര്‍ന്ന് ഗാന്ധിജി മടങ്ങി പോവുകയായിരുന്നു.