സിദ്ധിഖിന്‍റെ കൊലപാതകം ഹണി ട്രാപ്പ് മലപ്പുറം:തിരൂർ സ്വദേശിയായ ഹോട്ടലുടമ സിദ്ധിഖിനെ കൊലപ്പെടുത്തിയ സംഭവം ഹണി ട്രാപ്പെന്ന് സ്ഥിരീകരിച്ച് പൊലീസ്. കേസിൽ പിടിയിലായ ഫർഹാനയെ മുൻനിർത്തി ഹണി ട്രാപ്പ് ഒരുക്കിയാണ് സിദ്ധിഖിനെ ഹോട്ടലിലേക്ക് എത്തിച്ചത്. മെയ് 18 ന് ഹോട്ടലിലെത്തിയ സിദ്ധിഖിനെ കൊലപ്പെടുത്തുകയായിരുന്നു എന്ന് മലപ്പുറം എസ്‌പി സുജിത്ത് പറഞ്ഞു.
സിദ്ധിഖ് പ്രതിരോധിക്കുകയാണെങ്കിൽ മർദിക്കാൻ കയ്യിൽ കത്തിയും ചുറ്റികയും അടക്കമുള്ള ആയുധങ്ങൾ കരുതിയിരുന്നുവെന്നും പൊലീസ് സ്ഥിരീകരിച്ചു. കൊലപാതകത്തിൽ മൂന്ന് പേർക്കും പങ്കുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഇക്കഴിഞ്ഞ 18നാണ് സിദ്ധിഖിനെ കാണാതായത്.
അന്ന് തന്നെ സിദ്ധിഖിന്‍റെ ഫോൺ സ്വിച്ച് ഓഫ് ആവുകയും ചെയ്‌തു. തുടർന്ന് 22-ാം തീയതി സിദ്ധിഖിനെ കാണാനില്ലെന്ന് കാട്ടി മകൻ പൊലീസിൽ പരാതി നൽകി. പിന്നീടുളള അന്വേഷണത്തിലാണ് സിദ്ധിഖിന്‍റെ ഹോട്ടലിൽ ജീവനക്കാരനായിരുന്ന ഷിബിലിയെയും കാണാതായ കാര്യം പൊലീസ് അറിഞ്ഞത്.
പെരുമാറ്റ ദൂഷ്യത്തെ തുടർന്ന് ഇയാളെ സിദ്ധിഖ് പറഞ്ഞു വിടുകയായിരുന്നുവെന്നും വ്യക്തമായി. ഇതിന് പിന്നാലെ എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ സിദ്ധിഖ് മുറിയെടുത്ത വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചു. സിദ്ധിഖിനെ കാണാതായ അന്ന് മുതല്‍ ഇയാളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പിൻവലിച്ച കാര്യവും കുടുംബാംഗങ്ങൾ പൊലീസിനെ അറിയിച്ചിരുന്നു.
പിന്നീട് ഷിബിലിയെ കേന്ദ്രീകരിച്ചായി പൊലീസിന്‍റെ അന്വേഷണം. ഷിബിലിക്കൊപ്പം ഫര്‍ഹാനയെന്ന 18കാരി കൂടി ഉണ്ടെന്നും പൊലീസിന് വ്യക്തമായി. ഇവരിലേക്ക് അന്വേഷണം നീളുന്ന ഘട്ടത്തിലാണ് ഇരുവരും സിദ്ധിഖിന്‍റെ കാര്‍ ഉപേക്ഷിച്ച് കേരളം വിട്ടത്. ഇരുവരും ചെന്നൈയിലേക്ക് കടന്ന വിവരം തിരൂര്‍ പൊലീസ് റെയില്‍വേ പൊലീസിന് കൈമാറി.
ALSO READ:'കൊല ക്രൂരമായി മർദിച്ച്, ശരീരം മുറിച്ചുമാറ്റിയത് ഇലക്‌ട്രിക് കട്ടറുകൊണ്ട്'; സിദ്ധിഖിന്‍റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പുറത്ത്
പിന്നാലെ നടത്തിയ അന്വേഷണത്തിൽ ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ പ്രധാന പ്രതികളായ ഷിബിലിയും ഫർഹാനയെയും ചെന്നൈ റെയിൽവേ പൊലീസ് പിടികൂടുകയായിരുന്നു. തുടർന്ന് ഇരുവരും നടത്തിയ വെളിപ്പെടുത്തലിലാണ് സിദ്ധിഖിനെ കൊലപ്പെടുത്തി അട്ടപ്പാടി വനമേഖലയിൽ ഉപേക്ഷിച്ചു വെന്ന കാര്യം പൊലീസിന് സ്ഥിരീകരിക്കാനായത്.
പിന്നാലെ നടത്തിയ തെരച്ചിലിൽ രണ്ട് ട്രോളി ബാഗുകളിലായി ഉപേക്ഷിച്ച നിലയിൽ സിദ്ധിഖിന്‍റെ മൃതദേഹ ഭാഗങ്ങൾ പൊലീസ് കണ്ടെത്തുകയായിരുന്നു. ക്രൂരമായ മർദനത്തിനൊടുവിലാണ് സിദ്ധിഖ് മരിച്ചതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്‌തമാക്കുന്നത്.
ALSO READ:ഹോട്ടല്‍ ഉടമ സിദ്ധിഖിന്‍റെ കൊലപാതകം; ഷിബിലിയേയും ഫര്‍ഹാനയേയും തിരൂരില്‍ എത്തിച്ചു, എസ്‌പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യും
നെഞ്ചിലേറ്റ ചവിട്ടിനെ തുടർന്ന് ശ്വാസ തടസമുണ്ടായെന്നും വാരിയെല്ല് തകർന്ന അവസ്ഥയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശരീരത്തിലുടനീളം അടിയേറ്റ പാടുകളുണ്ട്. ശ്വാസം നിലച്ചതോടെ ശരീരം വെട്ടിമുറിക്കുകയായിരുന്നു. ഇലക്ട്രിക് കട്ടർ ഉപയോഗിച്ചാണ് ശരീരഭാഗങ്ങൾ മുറിച്ച് മാറ്റിയതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കോഴിക്കോട് വാടകയ്ക്ക് എടുത്ത ഹോട്ടലിലെ രണ്ട് മുറികളുടെയും തുക നൽകിയത് സിദ്ധിഖ് തന്നെയാണെന്നാണ് ഹോട്ടൽ ജീവനക്കാരുടെ മൊഴി. തുക അഡ്വാൻസായി സിദ്ധിഖ് നൽകുകയായിരുന്നു. ഇതിനിടെ മുറിയിൽ രക്തകറ കണ്ടതിനെത്തുടർന്ന് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ആര്‍ത്തവ രക്തമാണെന്നാണ് ഷിബിലിയും ഫർഹാനയും പറഞ്ഞത് എന്നാണ് ജീവനക്കാര്‍ മൊഴി നല്‍കിയത്.
ALSO READ:സിദ്ധിഖിന്‍റെ മൃതദേഹമടങ്ങിയ ട്രോളി ബാഗ് അട്ടപ്പാടി ചുരത്തില്‍ തള്ളിയ ശേഷം ചെന്നൈയിലേക്ക്