കോട്ടയം: ലോക മാനസികാരോഗ്യ ദിനത്തിൽ മനോരോഗത്തില്‍ നിന്ന് മുക്തി നേടിയവർക്ക് വീട് ഒരുക്കി പാലാ മരിയസദനം. ഹോം എഗൈൻ എന്ന പദ്ധതിയുടെ ഭാഗമായി അഭയകേന്ദ്രത്തിന് പുറത്താണ് വീട് ഒരുക്കിയത്. മാനസികാരോഗ്യം വീണ്ടെടുത്ത അഭയകേന്ദ്രത്തിലെ അന്തേവാസികളെ പുനഃരധിവസിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പാലാ നഗരസഭ പരിധിയിലെ പുതിയ വീടിന് ഡെകോമയെന്നാണ് പേര് നൽകിയിരിക്കുന്നത്. ഗവൺമെന്‍റ് ചീഫ് വിപ്പ് ഡോ. എൻ ജയരാജാണ് വീട് തുറന്നുനൽകിയത്. അനാഥരായ നാനൂറിലധികം പേരെയാണ് മരിയസദൻ സംരക്ഷിക്കുന്നത്. ഇതിൽ മനോരോഗികളും ഉൾപ്പെടുന്നുണ്ട്.
അഭയകേന്ദ്രത്തിലേക്ക് കൂടുതൽ പേർ എത്തി തുടങ്ങിയപ്പോഴാണ് മാനസികാരോഗ്യം വീണ്ടെടുത്തവരെ അഭയകേന്ദ്രത്തിന് പുറത്ത് താമസിപ്പിക്കാൻ ഹോം എഗൈൻ പദ്ധതിയാരംഭിച്ചത്. തദ്ദേശ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും ഇതിനായി സഹായങ്ങൾ നൽകി.
വീട്ടിലേക്ക് പോകാൻ കഴിയാത്തവരെ പുതിയ വീട്ടിൽ പുനഃരധിവസിപ്പിക്കും. ഒരു വീട്ടിൽ നാലോ അഞ്ചോ പേരെയാണ് താമസിപ്പിക്കുക. അഭയകേന്ദ്രത്തിലെ മുറികളിലെ ജീവിതത്തിൽ നിന്ന് കുടുംബാന്തരീക്ഷത്തിലേക്ക് ഇവരെ എത്തിക്കുക കൂടിയാണ് ഉദ്ദേശം.
കൂടുതൽ പേർ വരുന്നതോടെ കൂടുതൽ ഹോം എഗൈൻനുകൾ തുടങ്ങാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് മരിയസദനം. തിടനാട് പഞ്ചായത്ത് മെമ്പർ സ്‌കറിയ, ഡോ. വികെ രാധാകൃഷണൻ, കവയിത്രി സിജിത അനിൽ, പൂഞ്ഞാർ മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോഷി മൂഴിയങ്കൽ, മരിയസദനം ഡയറക്‌ടർ സന്തോഷ്, ഹോം എഗൈൻ പ്രോജക്‌റ്റ് മാനേജർ അലീന സന്തോഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.