കോട്ടയം :പ്രവര്‍ത്തനാനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ധര്‍ണ നടത്തി കേരള സ്റ്റേറ്റ് ഹയർ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍. സംരക്ഷിക്കൂ ഞങ്ങളെയും എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു കലക്‌ടറേറ്റ് പടിക്കൽ പ്രതിഷേധം. ഹയർ ഗുഡ്‌സ് മേഖലയെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാൻ അനുവദിക്കണമെന്ന ആവശ്യമാണ് പ്രധാനമായും അസോസിയേഷൻ ഉയർത്തിയത്.
തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ ധർണ ഉദ്ഘാടനം ചെയ്തു. ഗാന്ധി സ്‌ക്വയറിലെ ധർണ മുൻ എംഎൽഎ പി.സി. ജോർജ് ഉദ്ഘാടനം ചെയ്‌തു. ഇലയിൽ മണ്ണ് വിളമ്പിയായിരുന്നു കലക്‌ടറേറ്റ് പടിക്കലെ പ്രതിഷേധം. ഹയർ ഗുഡ്‌സ് മേഖലയിൽ പ്രവർത്തിക്കുന്നവരെ ദുരിതാവസ്ഥയിൽ നിന്ന് കരകയറ്റാൻ സർക്കാർ നടപടി എടുക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ ആവശ്യപ്പെട്ടു.
Also Read:ഇന്ധന വില വർധന : കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒത്തുകളിക്കുന്നെന്ന് രമേശ് ചെന്നിത്തല
കടക്കെണിയിൽ നിന്നും കരകയറാൻ സർക്കാർ തൊഴിലാളികൾക്ക് പലിശയില്ലാതെ പത്ത് ലക്ഷം രൂപ നൽകണമെന്നും പ്രശ്‌നത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്നും പി.സി. ജോർജ് പറഞ്ഞു. ഗാന്ധി സ്‌ക്വയറിൽ കസേരയും പാത്രങ്ങളുമെക്കെ ശവപ്പെട്ടിയിൽ വച്ചാണ് ഇവർ പ്രതിഷേധിച്ചത്.
ഹയർ ഗുഡ്‌സ് മേഖല സംഘടിപ്പിച്ച ധർണ സംസ്ഥാന വ്യാപകമായി 500 കേന്ദ്രങ്ങളിലാണ് സമരം നടത്തിയത്. കോട്ടയo നഗരത്തിൽ നാല് ഇടങ്ങളിലാണ് സമരം നടത്തിയത്. രാവിലെ 11 മുതൽ 12 വരെയായിരുന്നു ധർണ.
വാക്‌സിൻ സ്വീകരിച്ചവരെ പങ്കെടുപ്പിച്ച് പൊതുപരിപാടികൾ അനുവദിക്കുക, പന്തൽ, അലങ്കാരം, ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പ്രത്യേക പാക്കേജ് അനുവദിക്കുക, പത്ത് ലക്ഷം രൂപ പലിശ രഹിത വായ്‌പ അനുവദിക്കുക, പന്തൽ മേഖലയെ അവശ്യ സർവീസായി പ്രഖ്യാപിക്കുക, വാഹനങ്ങൾക്ക് നികുതിയിളവും മൊറട്ടോറിയവും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.