കോട്ടയം:രണ്ടുദിവസം ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ ഡോ. പി.കെ. ജയശ്രീ. ഒക്‌ടോബർ 20, 21 തിയ്യതികളില്‍ കേന്ദ്രകാലാവസ്ഥാവകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് അതിശക്തമായ മഴയായി കണക്കാക്കുന്നത്. ഒക്‌ടോബർ 19, 22, 23 തിയ്യതികളില്‍ മഞ്ഞ അലർട്ടും ജില്ലയിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
താഴ്ന്ന പ്രദേശങ്ങളില്‍ അതിസുരക്ഷ
നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ വെള്ളപ്പൊക്കങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളിലേക്ക് നയിക്കാനുള്ള സാധ്യതയുണ്ടെന്നും കലക്ടര്‍ അറിയിച്ചു. പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണം. മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കണം.
ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കണം
അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറിത്താമസിക്കാന്‍ തയ്യാറാകണം. സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ, പോസ്റ്റുകൾ, ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതാണ്.
Also Read: ചരിത്രത്തില്‍ അഞ്ചാം തവണ, ജാഗ്രതയോടെ ഇടുക്കി ഡാം തുറന്നു
അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തണം. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളിൽ പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. ദുരന്ത സാധ്യതാമേഖലയിലുള്ളവർ എമർജൻസി കിറ്റ് തയ്യാറാക്കി വയ്ക്കണം. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിർദേശങ്ങൾ https://sdma.kerala.gov.in/.../2020/07/Emergency-Kit.pdf എന്ന ലിങ്കിൽ ലഭിക്കും.
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചുകടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല. ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫിയെടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.
മലയോര മേഖലയിലേക്കുള്ള രാത്രിസഞ്ചാരം പൂർണമായി ഒഴിവാക്കുക. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നുവീണും അപകടം ഉണ്ടാകാനിടയുള്ളതിനാൽ ജാഗ്രത വേണമെന്നും കലക്ടര്‍ അറിയിച്ചു.
മൂവാറ്റുപുഴയാറിന്‍റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം
മൂവാറ്റുപുഴയാറിലെ ജലനിരപ്പ് മുന്നറിയിപ്പ് അപകട നിലയ്ക്ക് മുകളിലേയ്ക്ക് ഉയർന്നതിനാൽ നദീതീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും കലക്ടര്‍ അറിയിച്ചു. ഇടുക്കി ഡാം തുറന്ന സാഹചര്യത്തിൽ ജല നിരപ്പ് വീണ്ടും ഉയരാനിടയുണ്ട്. എല്ലാ താലൂക്കുകളിലും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ദുരിതാശ്വാസ പ്രവർത്തനം നടത്തുന്നതിന് ഡെപ്യൂട്ടി കലക്ടര്‍മാരെ നിയോഗിച്ചിട്ടുണ്ട്.
മൂവാറ്റുപുഴയാറിലെ ജല നിരപ്പ് വീണ്ടും ഉയരാനിടയുള്ളതിനാൽ വൈക്കം താലൂക്കിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് താലൂക്ക് തല ഇൻസിഡെന്‍റ് റെസ്പോൺസ് സിസ്റ്റം ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. വൈക്കത്ത് ഡെപ്യൂട്ടി കലക്ടർ രാജേന്ദ്രബാബുവിന്‍റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടന്നുവരികയുമാണ്.