ഗിന്നസ് റെക്കോര്‍ഡില്‍ സ്വന്തമാക്കി ആദിത്യന്‍ കോട്ടയം:ഇരു കൈകളും ബന്ധിച്ച് വേമ്പനാട്ട് കായല്‍ നീന്തികടന്ന് ഗിന്നസ് റെക്കോഡ് സ്വന്തമാക്കി ഒന്‍പത് വയസുകാരന്‍. മൂവാറ്റുപുഴ സ്വദേശിയായ രാഹുല്‍ അശ്വതി ദമ്പതികളുടെ മകന്‍ ആദിത്യനാണ് ചെറുപ്രായത്തില്‍ ഗിന്നസ് റെക്കോര്‍ഡില്‍ മുത്തമിട്ടത്. മൂന്നര കിലോമീറ്റര്‍ വീതിയുള്ള വേമ്പനാട്ട് കായല്‍ നീന്തി കടന്നാണ് ഈ നാലാം ക്ലാസുകാര്‍ റെക്കോര്‍ഡ് സ്വന്തമാക്കിയത്.
തിങ്കളാഴ്‌ച രാവിലെ ചേർത്തല തവണക്കടവിൽ അരൂർ എംഎൽഎ ദലിമ ജോജോയാണ് ആദിത്യന്‍റെ
കൈകൾ ബന്ധിച്ച് നീന്തല്‍ ഫ്ലാഗ് ഓഫ് ചെയ്‌തത്. ഒരു മണിക്കൂര്‍ 24 മിനിറ്റ് കൊണ്ടാണ് ആദിത്യന്‍ മറുകര തേടിയത്. ഗിന്നസ് റെക്കാർഡ് അധികൃതരും നീന്തൽ വേളയിൽ ആദ്യത്യനൊപ്പമുണ്ടായിരുന്നു.
ഇരു കൈകളും ബന്ധിച്ച് മറുകരയായ വൈക്കം കായലോര ബീച്ചിലെത്തിയ ആദിത്യനെ കാത്ത് സാമൂഹ്യ രാഷ്‌ട്രീയ രംഗത്തെ പ്രമുഖരും നാട്ടുകാരും ചേര്‍ന്ന് വാദ്യമേളങ്ങളോടെ സ്വീകരിച്ചു. എറണാകുളം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് മാത്യു വർഗീസാണ് കുഞ്ഞ് നീന്തല്‍ വിദഗ്‌ധന്‍റെ കൈകളിലെ വിലങ്ങുകള്‍ അഴിച്ച് മാറ്റിയത്. തുടര്‍ന്ന് പൊന്നാട അണിയിച്ച് അഭിനന്ദിച്ചു. അനുമോദന യോഗത്തിൽ ചലച്ചിത്ര പിന്നണി ഗായിക വൈക്കം വിജയലക്ഷ്‌മി മുഖ്യാതിഥിയായിരുന്നു.
മൂവാറ്റുപുഴയിലും മേഖലയിലെ നിരവധി ജലാശയങ്ങളിലും ആദിത്യന്‍ ആറ് മാസം പരിശീലനം നടത്തിയിരുന്നു. സ്‌കൂളില്‍ പോകുന്ന ദിവസങ്ങളില്‍ വൈകിട്ടാണ് ആദിത്യന്‍ നീന്തല്‍ പരിശീലനം നടത്തിയിരുന്നത്. ആറുമാസത്തോളം മണിക്കൂറുകള്‍ നീണ്ട പരിശീലനം നടത്തിയ ആത്മ വിശ്വാസത്തിലാണ് ആദിത്യൻ വേമ്പനാട്ടു കായലിൽ നീന്താൻ ഇറങ്ങിയത്.
കൈകള്‍ ബന്ധിച്ച് നീന്തണമെന്ന മകന്‍റെ ആഗ്രഹത്തിന് പിതാവ് ആദ്യം സമ്മതം നല്‍കിയെങ്കിലും അമ്മ അശ്വതിയ്‌ക്ക് ഭയമായിരുന്നു. പരിശീലകൻ ബിജു തങ്കപ്പൻ നൽകിയ ഉറപ്പിന്മേല്‍ മാതാപിതാക്കൾ ആദിത്യനെ കായലിൽ നീന്താൻ അനുവദിക്കുകയായിരുന്നു.
നടുകായലില്‍ നീന്തിയെത്തിയപ്പോള്‍ അടിയൊഴുക്ക് ആദിത്യനെ വിഷമിപ്പിച്ചു. അല്‌പം ഭയന്ന് പോയെങ്കിലും പരിശീലകൻ നൽകിയ പിൻബലത്തിൽ ആദിത്യൻ ധൈര്യം സംഭരിച്ചു റെക്കോഡിലേക്ക് നീന്തി കയറി. നീന്തലില്‍ വിജയ കിരീടം ചൂടിയ ആദിത്യനെ ഗായിക വൈക്കം വിജയ ലക്ഷ്‌മി പാട്ട് പാടിയാണ് വരവേറ്റത്. വിവിധ സംഘടനകൾ ആദിത്യനെ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.
ഗിന്നസ് റെക്കോഡ് കൈപിടിയിലൊതുക്കിയ കൊച്ചുമിടുക്കി: ചെറുപ്രായത്തില്‍ ഗിന്നസ് റെക്കോഡ് സ്വന്തമാക്കുന്ന നിരവധി മിടുക്കന്മാരായ കുട്ടികളുണ്ട് ഇന്ത്യയില്‍. യോഗ പരിശീലനത്തിലൂടെ ഇന്ത്യക്കാരിയായ 7 വയസുകാരി ഗിന്നസ് റെക്കോഡ് നേടിയതിന് പിന്നാലെയാണ് വേമ്പനാട്ടുകായല്‍ നീന്തി കയറിയുള്ള ആദിത്യന്‍ ഗിന്നസ് റെക്കോഡ് കരസ്ഥമാക്കിയ ഈ വാര്‍ത്ത പുറത്ത് വരുന്നത്.
ഇന്ത്യയില്‍ നിന്നുള്ള പ്രണ്‍വി ഗുപ്‌തയാണ് യോഗ പരിശീലനത്തിലൂടെ ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയത്. ചെറുപ്പക്കാലം തൊട്ട് യോഗ അഭ്യാസിക്കുന്നത് പ്രണ്‍വിയുടെ ശീലമായിരുന്നു. ആദ്യകാലങ്ങളിലൊക്കെ അമ്മ ചെയ്യുന്നത് നോക്കിയാണ് പ്രണ്‍വി പ്രാക്‌ടീസ് ചെയ്‌തത്. മൂന്നര വയസ് മുതല്‍ പ്രണ്‍വി യോഗ പ്രാക്‌ടീസ് തുടങ്ങിയിരുന്നു. ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ യോഗ പരിശീലകയും പ്രണ്‍വി തന്നെയാണ്.
also read:കടിച്ചുയര്‍ത്തിയത് 165 കിലോ, ഒമ്പതാം ലോക റെക്കോര്‍ഡ് ; ചില്ലറക്കാരനല്ല ധര്‍മേന്ദ്ര കുമാര്‍