കോട്ടയം:മറിയപ്പള്ളിയിൽ മണ്ണിനടിയില്‍ കുടുങ്ങിയ അതിഥി തൊഴിലാളിയെ രക്ഷപ്പെടുത്തി. ബംഗാൾ സ്വദേശി സുശാന്തിനെയാണ് രക്ഷപ്പെടുത്തിയത്. രണ്ട് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് യുവാവിനെ പുറത്തെടുത്തത്.
ഇയാൾ കുടുങ്ങിക്കിടന്ന കുഴിക്ക് സമാന്തരമായി മറ്റൊരു കുഴിയെടുത്ത ശേഷമാണ് പുറത്തെടുത്തത്. യുവാവിനെ ജില്ല ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റി. പൊലീസും ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
രക്ഷാപ്രവര്‍ത്തനത്തിന്‍റെ ദൃശ്യം മറിയപ്പള്ളി പൊൻകുന്നത്ത് കാവ് ക്ഷേത്രത്തിനു സമീപത്തുള്ള വീടിന്‍റെ മതില്‍ അറ്റകുറ്റപണികൾക്കായാണ് അതിഥി തൊഴിലാളികള്‍ എത്തിയത്. മതിൽ കെട്ടുന്നതിനായി മണ്ണ് മാറ്റാനുള്ള ശ്രമത്തിനിടെ രാവിലെ ഒൻപതരയോടെയാണ് മണ്ണിടിച്ചിലുണ്ടായത്. അപകടം നടക്കുമ്പോൾ നാല് തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നു.
മണ്ണിടിഞ്ഞപ്പോൾ മൂന്ന് പേർ ഓടിമാറുകയായിരുന്നു. ഉടന്‍ സംഭവസ്ഥലത്തെത്തിയ നാട്ടുകാർ അഗ്നിശമനസേനയേയും ചിങ്ങവനം പൊലീസിനെയും വിവരമറിയിച്ചു. രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ വീണ്ടും മണ്ണിടിഞ്ഞ് വീണ് യുവാവിന്‍റെ കഴുത്തിന് താഴെ മണ്ണിനടിയിലായി.
മണ്ണിടിഞ്ഞ മതിലിന് സമീപത്ത് പലക നിരത്തിയതിനാല്‍ അപകടം ഒഴിവായി. തുടർന്ന് ജെസിബി ഉപയോഗിച്ച് ഇയാൾ കുടുങ്ങിക്കിടക്കുന്നതിന് സമീപം സമാന്തരമായി കുഴിയെടുത്തു. തുടർന്നാണ് ഇയാളെ പുറത്തെടുത്തത്.