കോട്ടയം: മുണ്ടക്കയം ഇളംകാട് ഭാഗത്ത് വെള്ളിയാഴ്ച്ച ഉരുൾപൊട്ടല്‍ ഉണ്ടായ സാഹചര്യത്തില്‍ പ്രദേശത്ത് ഇന്ന് നടത്താനിരുന്ന ഗവർണറുടെ സന്ദർശന പരിപാടി റദ്ദാക്കി. ഒക്ടോബർ 16 ന് ഉരുൾപൊട്ടൽ നടന്ന മേഖലയിൽ സന്ദർശനം നടത്താൻ ഗവർണർ ഇന്നലെ കോട്ടയത്തെത്തിയിരുന്നു. ദുരിതബാധിതരെ നേരിട്ടു കാണാനും ഉരുൾപൊട്ടലും വെള്ളപ്പൊക്കവും തകർത്തെറിഞ്ഞ പ്രദേശങ്ങൾ സന്ദർശിക്കാനുമായിരുന്നു പരിപാടി.
ഇന്നലെ പ്രദേശത്ത് വീണ്ടും ഉരുൾ പൊട്ടിയതോടെ സന്ദർശനം റദ്ദു ചെയ്യുകയായിരുന്നു. പ്രളയബാധിത മേഖലയിലെ സന്ദർശനം ഒഴിവാക്കിയതായി ഗവർണറുടെ എ ഡി സി അറിയിച്ചതായി ജില്ലാ കളക്‌ടർ അറിയിച്ചു. മുണ്ടക്കയം ഇളംകാട് ടോപ്പ് ഭാഗത്ത് ഇന്നലെ ഉണ്ടായ ഉരുൾ പൊട്ടലിനെ തുടർന്ന് 8 കുടുബങ്ങളെ മാറ്റിപാർപ്പിച്ചു.
ALSO READ:സിപിഎം സംസ്ഥാന സമിതി യോഗം; കോടിയേരിയുടെ മടങ്ങിവരവ് പ്രത്യേക ചര്‍ച്ചയാകും
ഇന്നലെ വൈകുന്നേരം നാലിന് മ്ലാക്കര, മൂപ്പൻ മല എന്നിവിടങ്ങളിലായി മൂന്നു ഉരുൾ പൊട്ടലുണ്ടായതായാണ് വിവരം. ആളപായമില്ല. ജനവാസ മേഖലയ്ക്ക് പുറത്താണ് ഉരുൾ പൊട്ടലുണ്ടായത്.