കോട്ടയം: കോട്ടയം നഗരത്തിലെ ആകാശപാതയുടെ നിർമാണം സംബന്ധിച്ച കാര്യം ജില്ലാ കലക്‌ടർ തീരുമാനിക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. റോഡ് സേഫ്റ്റി അതോറിറ്റിയുമായി കൂടിയാലോചിച്ച ശേഷമായിരിക്കും തീരുമാനമെന്നും സർക്കാർ വ്യക്തമാക്കി.
തുരുമ്പെടുത്ത് കോട്ടയത്തെ ആകാശപാത; പൊളിക്കുന്ന കാര്യം കലക്‌ടർക്ക് തീരുമാനിക്കാമെന്ന് സർക്കാർ - കലക്‌ടർക്ക് തീരുമാനിക്കാമെന്ന് സർക്കാർ
കോട്ടയത്തെ ആകാശപാത പൊളിച്ചു കളയണോ എന്ന കാര്യം റോഡ് സേഫ്റ്റി അതോറിറ്റിയുമായി കൂടിയാലോചിച്ച ശേഷം കലക്‌ടർ തീരുമാനിക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
ജനങ്ങളുടെ ജീവന് ഭീഷണിയായി നില്‍ക്കുന്ന ആകാശപാത പൊളിച്ചു മാറ്റണമെന്ന് കോട്ടയം സ്വദേശി സമർപ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. സർക്കാരിന്‍റെ മറുപടി ഹൈക്കോടതി രേഖപ്പെടുത്തിയ ശേഷം ഹർജി ഈ മാസം അവസാനം പരിഗണിക്കാനായി മാറ്റി. ജനങ്ങൾക്ക് ഭീഷണിയായി നിൽക്കുന്ന ആകാശപാത പൊളിച്ചുനീക്കണമെന്നാണ് ഹർജിക്കാരന്‍റെ ആവശ്യം.
ആകാശപാതയ്ക്കായി നിർമിച്ച തൂണുകൾ തുരുമ്പിച്ച നിലയിലായതിനാൽ അപകടകരമായ സാഹചര്യമാണെന്നാണ് വാദം. ജില്ലാ കലക്‌ടറും സംസ്ഥാന സർക്കാരും റോഡ് സേഫ്റ്റി അതോറിറ്റിയുമാണ് ഹർജിയിലെ എതിർ കക്ഷികൾ. 2016 ഫെബ്രുവരിയിലാണ് കോട്ടയത്ത് ആകാശ പാത നിർമാണം ആരംഭിച്ചത്. 5.75 കോടിയുടെ പദ്ധതിക്കായി ഇതിനകം ഒന്നേമുക്കാൽ കോടി രൂപ ചെലവാക്കി കഴിഞ്ഞു.