കേരളം

kerala

ETV Bharat / state

ദേവാലയങ്ങളിൽ തീർഥാടക പ്രവാഹം; വിശ്വാസികളിൽ ആത്മീയ ഉണർവെന്ന് ഫാ ഡോ മാണി പുതിയിടം

ക്രിസ്‌തുവിന്‍റെ പീഡാനുഭവത്തിന്‍റെയും കുരിശുമരണത്തിന്‍റെയും സ്‌മരണ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്‌തവ വിശ്വാസികളാണ് ഇന്ന് ദുഃഖ വെള്ളി ആചരിക്കുന്നത്

By

Published : Apr 7, 2023, 3:20 PM IST

good friday  kudamaloor church kottayam  easter  jesus death  kudamaloor church  ദേവാലയങ്ങളിൽ തീർത്ഥാടക പ്രവാഹം  ഫാ ഡോ മാണി പുതിയിടം  ദുഃഖ വെള്ളി  നീന്തു നേര്‍ച്ച  കുടമാളൂർ പള്ളി  ഈസ്‌റ്റര്‍
ദേവാലയങ്ങളിൽ തീർത്ഥാടക പ്രവാഹം; വിശ്വാസികളിൽ ആത്മീയ ഉണർവെന്ന് ഫാ ഡോ മാണി പുതിയിടം

ദേവാലയങ്ങളിൽ തീർഥാടക പ്രവാഹം

കോട്ടയം: ദുഃഖവെള്ളിയോടനുബന്ധിച്ച് ദേവാലയങ്ങളിൽ തീർഥാടക പ്രവാഹം. ചരിത്ര പ്രസിദ്ധമായ കോട്ടയം കുടമാളൂർ പള്ളിയിൽ നടന്ന കുരിശിന്‍റെ വഴിയിൽ നൂറു കണക്കിന് വിശ്വാസികൾ പങ്കെടുത്തു. തുടർന്ന് പീഡാനുഭവ സന്ദേശവും നടന്നു.

മൂന്ന് മണിക്ക് നടക്കുന്ന പീഡാനുഭവ ശുശ്രൂഷയ്‌ക്ക് ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം കാർമികത്വം വഹിക്കും. തുടർന്ന് നഗരി കാണിക്കൽ തിരുസ്വരുപ ചുംബനവും പീഡാനുഭവ ദൃശ്യാവിഷ്‌കാരവും നടക്കും. ദുഃഖ വെള്ളി ചടങ്ങുകൾ വിശ്വാസികളിൽ ആത്മീയ ഉണർവ്വ് ഉണ്ടാക്കിയിരിക്കുകയാണെന്ന് ആർച്ച് പ്രീസ്‌റ്റ് ഫാ. ഡോ. മാണി പുതിയിടം പറഞ്ഞു.

നീന്തു നേര്‍ച്ചയിലും പങ്കെടുത്ത് വിശ്വാസികള്‍:പെസഹാ ദിനത്തിൽ ആരംഭിച്ച നീന്തു നേർച്ചയിലും നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. പള്ളി മൈതാനത്തെ കൽ കുരിശിന്‍റെ ചുവട്ടിൽ നിന്ന് പഴയ പള്ളിയിലേക്കാണ് നീന്തു നേർച്ച. കൽ കുരിശിന്‍റെ ചുവട്ടിൽ മെഴുകുതിരി കത്തിച്ചു പ്രാർഥിച്ച ശേഷം മുട്ടിൻമേൽ നീന്തി പഴയ പള്ളിയിൽ എത്തി അവിടെ നിന്ന് തിരുസ്വരൂപം ചുംബിച്ചു മാതാവിനോട് പ്രാർഥിച്ചാണ് നേർച്ച പൂർത്തിയാക്കുന്നത്.

ഈസ്റ്റർ ദിനത്തിൽ വെളുപ്പിന് മൂന്ന് മണിക്ക് ഉയിർപ്പു തിരുനാൾ തിരുകർമ്മങ്ങൾ ആരംഭിക്കും. വിശുദ്ധ കുർബാന പ്രദക്ഷിണം വചനസന്ദേശം എന്നിവ നടക്കും. അതേസമയം, നൂറുക്കണക്കിന് വിശ്വാസികൾ താമരശ്ശേരി ചുരത്തിൽ കുരിശിൻ്റെ വഴി നടന്നു കയറി. രാവിലെ 10 മണിക്ക് അടിവാരത്തുനിന്നാണ് യാത്ര ആരംഭിച്ചത്. ലക്കിടിയിൽ സമാപിക്കും.

ക്രിസ്‌തുവിന്‍റെ പീഡാനുഭവത്തിന്‍റെയും കുരിശുമരണത്തിന്‍റെയും സ്‌മരണ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്‌തവ വിശ്വാസികളാണ് ഇന്ന് ദുഃഖ വെള്ളി ആചരിക്കുന്നത്. കേരളത്തിലെ വിവിധ ദേവാലയങ്ങളില്‍ പ്രാര്‍ഥന ശുശ്രൂഷകള്‍ നടന്നു. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് നന്മ മാത്രം ചെയ്‌ത് കടന്നുപോയ യേശുവിന്‍റെ കുരിശുമരണത്തില്‍ ദുഃഖം രേഖപ്പെടുത്തിയാണ് ദുഃഖ വെള്ളി ആചരിക്കുന്നത്.

ഈസ്‌റ്ററിനെ വരവേല്‍ക്കാനൊരുങ്ങി വിശ്വാസികള്‍:ദുഃഖവെള്ളിയുടെ ഭാഗമായുള്ള പ്രാര്‍ഥനകളും കുരിശിന്‍റെ വഴി ഉള്‍പ്പെടെയുള്ള ചടങ്ങുകളും നടന്നു. എന്നാല്‍, കുര്‍ബാന ഏകീകരണവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് അടഞ്ഞുകിടന്നിരുന്ന എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രലില്‍ ദുഃഖവെള്ളി ചടങ്ങുകള്‍ നടന്നില്ല. സെന്‍റ് ഫ്രാന്‍സിസ് കത്തീഡ്രലില്‍ നടന്ന ദുഃഖവെള്ളി ചടങ്ങുകള്‍ക്ക് വരാപ്പുഴ അതിരൂപത ആര്‍ത്ത് ബിഷപ്പ് ജോസഫ് കളത്തിപറമ്പില്‍ നേതൃത്വം നല്‍കി.

യേശുവിന്‍റെ ജറുസലേം പ്രവേശനത്തെ അനുസ്‌മരിച്ചുള്ള ഓശാന ഞായറോടെ ആരംഭിച്ച വിശുദ്ധ വാരാചരണം ഈസ്‌റ്റര്‍ ഞായറോടെയാണ് പൂര്‍ത്തിയാവുക. ലോകത്തിന്‍റെ പാപങ്ങള്‍ ചുമലിലേറ്റി ഗാഗുല്‍ത്താമലയില്‍ കുരിശുമരണം വരിച്ചുവെന്നാണ് ക്രൈസ്‌തവ വിശ്വാസം. മരണത്തിന്‍റെ മൂന്നാം നാള്‍ യേശു ക്രിസ്‌തു ഉയിര്‍ത്തെഴുന്നേറ്റു എന്ന വിശ്വാസത്തിന്‍റെ സ്‌മരണയ്‌ക്കായാണ് പെസഹ ചടങ്ങുകള്‍ക്കും ദുഃഖ വെള്ളി ആചരണത്തിനും പിന്നാലെ കടന്നു വരുന്ന ഞായറാഴ്‌ച ഈസ്‌റ്റര്‍ ആഘോഷം.

also read:'ചില കോടതികൾ അന്യായ വിധികൾ പുറപ്പെടുവിക്കുന്നു'; കർദിനാൾ മാർ ജോർജ് ആലഞ്ചേരി, വിമർശനം ഭൂമി ഇടപാടിലെ കോടതി വിധി നിലനില്‍ക്കെ

ABOUT THE AUTHOR

...view details