കോട്ടയം: ഈരാറ്റുപേട്ടയില്‍ യുവതിയുടെ വീട് ആക്രമിക്കുകയും സംഭവസ്ഥലത്തെത്തിയ പൊലീസിന്‍റെ കൃത്യ നിര്‍വഹണം തടസപ്പെടുത്തുകയും ചെയ്ത കേസില്‍ നാല് പേര്‍ അറസ്റ്റില്‍. ചേന്നാട് കവല ഭാഗത്ത് ഞായറാഴ്ച യുവതിയുടെ വീട് ആക്രമിച്ച കേസിൽ മൂന്നുപേരും സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘത്തെ ആക്രമിച്ച് കൃത്യനിർവഹണം തടസപ്പെടുത്തിയ കേസിൽ ഒരാളുമാണ് അറസ്റ്റിലായത്. ആദ്യ സംഭവത്തിൽ യുവതിയുടെ ബന്ധുക്കളും ഈരാറ്റുപേട്ട വട്ടക്കയം സ്വദേശികളുമായ വള്ളംമുക്കി എന്നറിയപ്പെടുന്ന സിനാജ് (38), അമ്മൻ എന്നറിയപ്പെടുന്ന സഹിൽ(29), സിദാൻ(22) എന്നിവരാണ് പിടിയിലായത്. പോലീസിന്‍റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയ കേസിൽ ചേന്നാട് കവല സ്വദേശി മുഹമ്മദ് അലി (47)യെയാണ് ഈരാറ്റുപേട്ട എസ്.എസ്.എച്ച്.ഒ. പ്രസാദ് എബ്രഹാം വർഗീസിന്റെയും എസ്.ഐ. അനുരാജ് എം.എച്ചിന്‍റെയും നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കോട്ടയത്ത് പൊലീസും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നാല് പേര്‍ അറസ്റ്റില്‍
കേസില്‍ ഉള്‍പ്പെട്ട കൂടുതല്‍ പേരെ പിടികൂടുന്നതിനായി എസ്ഐമാരുടെ നേതൃത്വത്തില്‍ നാല് അന്വേഷണ സംഘങ്ങള്‍ രൂപീകരിച്ചു
കഴിഞ്ഞ ഞായറാഴ്ചയാണ് കേസുകൾക്ക് ആസ്പദമായ സംഭവം. ഭർത്താവിനെ അപായപ്പെടുത്തുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തുന്നതായി തെക്കേകര സ്വദേശിനിയായ യുവതി രാവിലെ പോലീസ് സ്റ്റേഷനില്‍ പരാതി നൽകിയിരുന്നു. പോലീസ് പ്രശ്‌നത്തിൽ ഇടപെട്ടെങ്കിലും എതിർകക്ഷികൾ സഹകരിക്കാൻ തയ്യാറായില്ല. തുടർന്ന് വീട്ടിലേക്ക് പോയ യുവതിയുടെ വീടിന് സമീപം കാലത്ത് 11 മണിയോടെ പ്രതികൾ സംഘംചേർന്ന് ആക്രമണം നടത്തുകയായിരുന്നു. വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാർ അടിച്ചുതകർത്തു. വിവരം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിൽ എടുക്കാൻ ശ്രമിച്ചെങ്കിലും വാർഡ് മെമ്പർ അൻസർ പുള്ളോലിയുടെയും അനസ് പാറയിലിന്റെയും നേതൃത്വത്തിൽ ചിലർ പോലീസിനെ തടഞ്ഞു. സംഭവം അറിഞ്ഞ് കൂടുതൽ പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പ്രതികൾ രക്ഷപ്പെട്ടു. സ്ഥലത്ത് ഇരുവിഭാഗങ്ങളായി തിരിഞ്ഞ് സംഘർഷത്തിലേർപ്പെട്ടവരെ പിൻതിരിപ്പിക്കാൻ പോലീസ് ശ്രമിച്ചെങ്കിലും വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ ചിലർ പോലീസിനെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ എസ്.ഐ. ജോസഫ് ജോർജിന് പരിക്കേറ്റു. സ്ഥലത്ത് സംഘടിച്ചവർ നിർദ്ദേശം പാലിച്ച് പിരിഞ്ഞുപോകാതിരുന്നതിനെ തുടർന്ന് പോലീസ് ലാത്തിവീശി.
തുടർന്ന് ഈ സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പോലീസിനെ ആക്രമിക്കുകയും കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്ത സംഘത്തിലെ മുപ്പതോളം പേരെ പോലീസ് ഹൈ ടെക് സെല്ലിന്‍റെ സഹായത്തോടെ തിരിച്ചറിഞ്ഞിട്ടുണ്ട്. തിരിച്ചറിഞ്ഞ പ്രതികളിൽ ഏറെയും മുൻപ് പോലീസ് കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവർ ആണ്. സഹൽ മയക്കുമരുന്നുകേസിൽ ശിക്ഷിക്കപ്പെട്ടയാളാണ്. പ്രതികളെ പിടികൂടുന്നതിന് എസ്.ഐമാരുടെ നേതൃത്വത്തിൽ നാല് സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്. തുടർ ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് വിവരം.