കോട്ടയം : കോട്ടയത്ത് 19കാരനായ ഷാൻബാബുവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രധാന പ്രതി ജോമോനൊപ്പം ഉണ്ടായിരുന്ന കൂട്ടുപ്രതികളെയും പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തു. രണ്ടാം പ്രതി മണർകാട് ചിറയിൽ ലുതീഷ് (28) കൂട്ടാളികളായ അരീപ്പറമ്പ് കുന്നംപള്ളി സുധീഷ് (21), വെള്ളൂർ നെടുംകാലായിൽ കിരൺ (23), മീനടം സ്വദേശി ബിനു മോൻ എന്നിവരുടെ അറസ്‌റ്റാണ് രേഖപ്പെടുത്തിയത്. ഇവർ എല്ലാവരും കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തിരുന്നെന്ന് പൊലീസ് അറിയിച്ചു.
പ്രധാന പ്രതി ജോമോൻ കെ. ജോസഫിനെ ചൊവ്വാഴ്ച തന്നെ മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. കേസിൽ ആകെ അഞ്ച് പ്രതികളാണുള്ളതെന്ന് ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ വ്യക്തമാക്കിയിരുന്നു.