കോട്ടയം: അക്രമകാരികളായ തെരുവുനായ്ക്കളെ ഏതുവിധേനയും ഉന്മൂലനം ചെയ്യണമെന്ന് റബ്ബർ ബോർഡ് മുൻ ചെയർമാൻ പി സിറിയക്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തെരുവുനായ വിഷയത്തിൽ തുടരുന്ന നിസ്സംഗത അവസാനിപ്പിക്കണം. ജനദ്രോഹപരമായ കെ-റെയിൽ പദ്ധതി പൂർണമായി ഉപേക്ഷിക്കണമെന്നും പി സിറിയക് ആവശ്യപ്പെട്ടു.
അക്രമകാരികളായ തെരുവുനായ്ക്കളെ ഉന്മൂലനം ചെയ്യണം: പി സിറിയക് - തെരുവുനായ പ്രശ്‌നം
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തെരുവുനായ വിഷയത്തിൽ തുടരുന്ന നിസ്സംഗത അവസാനിപ്പിക്കണമെന്ന് റബ്ബർ ബോർഡ് മുൻ ചെയർമാൻ പി സിറിയക് പറഞ്ഞു.
കേരള ആന്‍റീ-കറപ്ഷൻ ഫോറത്തിന്‍റെ സംസ്ഥാന പ്രസിഡന്‍റ് ജെയിംസ് പാമ്പയ്ക്കൽ ഗാന്ധിപ്രതിമയ്ക്ക് മുൻപിൽ നടത്തിയ നിരാഹാര സമരത്തിന്‍റെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു പി സിറിയക്. തെരുവുനായ ആക്രമത്തിൽ നിന്നും ജനങ്ങളെ രക്ഷിക്കുക, സംസ്ഥാന സർക്കാർ കെ റെയിൽ പദ്ധതി ഉപേക്ഷിച്ച് ഉത്തരവിറക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ജെയിംസ് പാമ്പയ്ക്കൽ ഇന്ന് രാവിലെ 10 മണി മുതൽ വൈകുന്നേരം നാല് മണി വരെ നിരാഹാരമിരുന്നത്. യുഡിഎഫ് കോട്ടയം ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആണ് നിരാഹാര ധർണ ഉദ്‌ഘാടനം ചെയ്‌തത്.
അഡ്വ. മീര രാധകൃഷ്‌ണൻ നാരങ്ങ നീര് ജയിംസ് പാമ്പക്കലിന് നൽകി സമരം അവസാനിപ്പിച്ചു. സമാപന സമ്മേളനത്തിൽ ജെയിംസ് പാമ്പക്കലിന്‍റെ നേതൃത്വത്തിൽ സംഘടന സമാഹരിച്ച ധനസഹായ തുകയിൽ 25,000 രൂപ നായ കടിയേറ്റ് മരിച്ച അഭിരാമിയുടെ കുടുംബത്തിന് കൈമാറി. മാടപ്പള്ളിയിൽ കെ റെയിൽ സമരത്തിൽ അമ്മയോടെപ്പം നിലയുറപ്പിച്ച് പൊലീസ് പീഡനത്തിനിരയായ കുമാരി സോമിയ മെറിൻ ഫിലിപ്പിന് 10,000 രൂപ വിദ്യാഭ്യാസ സാമ്പത്തിക സഹായവും കൈമാറി.