കോട്ടയം:കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിൽ കുളമ്പുരോഗ ഭീഷണി. അയ്മനം, കുമരകം, ചീപ്പുങ്കൽ പ്രദേശങ്ങളിലാണ് കന്നുകാലികൾക്ക് കൂടുതലായി കുളമ്പുരോഗം കണ്ടുതുടങ്ങിയിട്ടുള്ളത്. ചീപ്പുങ്കൽ തുരുത്തേൽ സ്വദേശി ജെസിയുടെ എട്ടു പശുക്കൾക്കും കലുങ്കിൽ സ്വദേശി ജോഷിയുടെ എട്ടു പശുക്കൾക്കും കുളമ്പ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ക്ഷീരകർഷകനായ തങ്കച്ചൻ്റെ പശുക്കൾക്കും കുളമ്പ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
കാലികളിൽ ആദ്യം കാലു കുടച്ചിൽ ആണ് ലക്ഷണമായി കണ്ടതെന്നും പിന്നീട് തീറ്റ എടുക്കാതെ ആയെന്നും കർഷകർ പറയുന്നു. ക്രമേണ കുളമ്പിന് സമീപം നീര് പ്രത്യക്ഷപ്പെട്ടതായും നാക്കിലെ തൊലി പോവുകയും വായിൽ നിന്ന് നുരയും പതയും വരികയും ചെയ്‌തതോടെ വെറ്ററിനറി ഡോക്‌ടറെ സമീപിക്കുകയായിരുന്നുവെന്നും ക്ഷീരകർഷകൻ ജോഷി പറഞ്ഞു.