കോട്ടയം: വിവിധ ആവശ്യങ്ങളുന്നയിച്ച് സംഘടിതമായി റോഡിലിറങ്ങി പ്രതിഷേധിച്ച പായിപ്പാട്ടെ അതിഥി തൊഴിലാളികള്‍ക്ക് ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തില്‍ ഭക്ഷ്യവസ്‌തുക്കള്‍ വിതരണം ചെയ്‌തു. ജില്ലാ ഭരണകൂടത്തിന്‍റെ കണക്കനുസരിച്ച് പായിപ്പാട് മേഖലയില്‍ 4,035 അതിഥി തൊഴിലാളികളാണുള്ളത്. 65 ക്യാമ്പുകളിലായി താമസിക്കുന്ന തൊഴിലാളികൾക്ക് ആദ്യ ദിനം അഞ്ച് മെട്രിക്ക് ടൺ അരിയും 1,155 കിലോ സവാളയും ഉരുളക്കിഴങ്ങും 140 കിലോ പച്ചമുളകുമാണ് വിതരണം ചെയ്‌തത്. അസിസ്റ്റന്‍റ് കലക്‌ടര്‍ ശിഖാ സുരേന്ദ്രന്‍റെ നേതൃത്വത്തിലാണ് ഭക്ഷ്യവസ്‌തുക്കളുടെ വിതരണം നടന്നത്.
പായിപ്പാട് അതിഥി തൊഴിലാളികൾക്ക് ഭക്ഷ്യവസ്‌തുക്കള്‍ വിതരണം ചെയ്‌തു - ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
65 ക്യാമ്പുകളിലായി താമസിക്കുന്ന തൊഴിലാളികൾക്ക് ആദ്യ ദിനം അഞ്ച് മെട്രിക്ക് ടൺ അരിയും മറ്റ് സാധനങ്ങളുമാണ് വിതരണം ചെയ്‌തത്.
തൊഴിലാളികൾക്കായി കൺസ്യൂമർ ഫെഡ് അരിയെത്തിച്ചപ്പോൾ ഹോർട്ടി കോർപ്പാണ് മറ്റിനങ്ങൾ നൽകിയത്. ക്യാമ്പുകളിലെ തൊഴിലാളികളുടെ എണ്ണം കണക്കാക്കിയായിരുന്നു വിതരണം. തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങളുടെ ഉടമകളും ഓരോ ക്യാമ്പിലെയും തൊഴിലാളികളുടെ പ്രതിനിധിയുമെത്തി രേഖയില്‍ ഒപ്പിട്ടുനല്‍കിയാണ് സാധനങ്ങൾ വാങ്ങിയത്. ബുധനാഴ്‌ച രാവിലെ പത്തിന് തുടങ്ങിയ വിതരണം വൈകുന്നേരം ആറ് വരെ നീണ്ടു. തൊഴിലാളി പ്രതിഷേധത്തിന് ശേഷം രണ്ട് ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ നേരിട്ട് വിതരണം നടത്തുന്ന സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ജില്ലയുടെ ചുമതലയുള്ള ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി.തിലോത്തമന്‍ വ്യക്തമാക്കിയിരുന്നു.