കോട്ടയം: ഓണത്തിന് പൂക്കളമിടാൻ പൂ തേടി അലയേണ്ട, സ്‌കൂളിൽ തന്നെ പൂകൃഷി നടത്തി വിജയിപ്പിച്ചിരിക്കുകയാണ് കോട്ടയം കൈപ്പുഴ സെന്‍റ് ജോർജ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍. വിദ്യാര്‍ഥികളുടെ പൂ കൃഷിയെ കുറിച്ച് അറിഞ്ഞതോടെ അവര്‍ക്ക് അഭിനന്ദനവുമായി മന്ത്രി വി എന്‍ വാസവനും എത്തി.
പൂ കൃഷി ചെയ്‌ത് വിദ്യാര്‍ഥികള്‍ നീണ്ടൂർ ഗ്രാമപഞ്ചായത്തിന്‍റെയും കൃഷിഭവന്‍റെയും സഹകരണത്തിലാണ് സ്‌കൂളിലെ ഫ്ലോറി കൾച്ചറിസ്റ്റ് വിദ്യാർഥികൾ ബന്ദി പൂക്കള്‍ കൃഷി ചെയ്‌തത്. പൂക്കള്‍ മാത്രമല്ല പച്ചക്കറിയും ഈ കുട്ടി കര്‍ഷകര്‍ കൃഷി ചെയ്‌തിട്ടുണ്ട്. ഒന്നേകാല്‍ ഏക്കര്‍ വീതം സ്ഥലത്താണ് വിദ്യാര്‍ഥികള്‍ പൂവും പച്ചക്കറിയും കൃഷി ചെയ്‌തിരിക്കുന്നത്.
പൂക്കളും പച്ചക്കറിയും വിളവെടുപ്പിന് പാകമായതോടെ നിരവധി പേരാണ് വിദ്യാര്‍ഥികളുടെ കൃഷിയിടം കാണാനെത്തുന്നത്. സ്‌കൂൾ പ്രിൻസിപ്പൽ തോമസ് മാത്യുവിന്‍റെ ആശയമായിരുന്നു പൂ കൃഷി. ഒപ്പം സ്‌കൂൾ മാനേജ്‌മെന്‍റിന്‍റെയും ഹോർട്ടികൾച്ചർ മിഷന്‍റെയും സഹകരണവും കൃഷി ഭവന്‍ ഉദ്യോഗസ്ഥരുടെ പിന്തുണയും കൂടി ആയതോടെ പദ്ധതി വിജയകരമായി.
പച്ചക്കറിക്കും പൂക്കൾക്കും അന്യ സംസ്ഥാനത്തെ ആശ്രയിക്കുന്നത് മാറി വരികയാണ്, കേരളത്തിൽ തന്നെ പൂക്കൾ കൃഷി ചെയ്യാന്‍ വിദ്യാർഥികളും കർഷകരും മുന്നോട്ടു വരുന്നത് പ്രശംസനീയമാണെന്നും മന്ത്രി വി എന്‍ വാസവന്‍ അഭിപ്രായപ്പെട്ടു. കൃഷി വിജയിച്ചതോടെ കുട്ടി കര്‍ഷകരും ആവേശത്തിലാണ്. വരും വര്‍ഷങ്ങളില്‍ കൃഷി കൂടുതല്‍ സ്ഥലത്തേക്ക് വികസിപ്പിക്കാനുള്ള നീക്കത്തിലാണ് വിദ്യാര്‍ഥികള്‍.